Saturday, 17 December 2011

മുല്ലപെരിയാർ -അരളിയുടെ പോസ്റ്റർ

മുല്ലപെരിയാർ വിഷയത്തിൽ അരളിയുടെ നിലപാടുകൾ പോസ്റ്റർ രൂപത്തിൽ കൊടുക്കുന്നു.താല്പര്യമുള്ളവർ ബന്ധപ്പെടുക.സി.എസ്.രാജേഷ്.9605985334

Saturday, 12 November 2011

അരളിയുടെ മറുപടി.

അരളി അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതായിരുന്നു കഴിഞ്ഞ പോസ്റ്റ്.അതിൽ അനൊണിയായി കമന്റ് എഴുതിയ സുഹൃത്ത്,മിശ്രവിവാഹം അംബെദ്ക്കറുടെ നിലപാടല്ലന്ന് സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ അരളിയുടെ നിലപാട് അല്പം കൂടി വിപുലമായതിനാൽ അതും പോസ്റ്റാക്കുന്നു.
          ഒരു വിഭാഗംപേര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇടുങ്ങിയ മനോഭാവമോ സമീപനമോ ആയിരുന്നില്ല ഇന്ത്യന്‍ ജാതി പ്രശ്നത്തിന്‍മേല്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പുലര്‍ത്തി
യിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്. ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു
ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും? ‘ഒരു മേലാളന് ഒരുനല്ല മനുഷ്യനാകാനോ ഒരു നല്ല മനുഷ്യന് ഒരു മേലാളനാകാനോ കഴിയില്ല’ എന്ന അംബേദ്കര്‍ വാചകത്തിലെ മേലാളന്‍ സവര്‍ണ്ണനും നല്ലമനുഷ്യന്‍ കീഴാളനുമെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നവരോട് എന്തുപറയാന്‍. മേലാളന്‍,
കീഴാളന്‍, ജനാധിപത്യകാരന്‍ തുടങ്ങിയ എല്ലാ സാമൂഹ്യവകഭേദങ്ങളും അതേരീതിയില്‍ തന്നെ ഏതുജാതിയിലും ഉപജാതിയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജാതിക്കെതിരായ സമരമുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കേണ്ടവ മാത്ര മ ല്ല ആത്മഗതമായി അവനവ ന്റെ നെഞ്ചിലേക്ക് തുരന്നിറക്കതു കൂടിയാണ് .
           മിശ്രവിവാഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ദലിതനായ പുരുഷനും വരേണ്യയായ സ്ത്രീയും തമ്മിലുള്ളത് എന്നുള്ള ഒരു മുന്‍വിധിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്. മറിച്ചുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കിടയി  
ലുണ്ട് . എന്നു മാത്രമല്ല എല്ലാ വിഭാഗം മനുഷ്യര്‍ തമ്മിലും മിശ്ര വിവാഹം നടക്കതുല്ലാ. രു   പരും ദലിതുകളല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങളോട് മുഖംതിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം ‘ദലിതുവൈകാരികന്മാര്‍ക്ക്’
ഉണ്ടെന്നുള്ളത് സമ്മതിക്കുമ്പോള്‍ തന്നെ അദലിതുകള്‍ക്കിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളെക്കൂടി രാജ്യത്തെ ജാതിനിര്‍മ്മൂലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്വത്തില്‍ വിലയിരുത്തുവാനാണ് അരളിക്ക് താല്‍പര്യം.
         അംബേദ്ക്കര്‍ പറയുന്നു “ഉപജാതികള്‍തമ്മിലുള്ള സംയോജനം സാദ്ധ്യമാണെന്ന് കരുതുകയാണെങ്കില്‍ ഉപജാതികളുടെ നിര്‍മ്മാര്‍ജനം തുടര്‍ന്ന് ജാതികളുടെ നിര്‍മ്മാര്‍ജനത്തിന് വഴിതെളിക്കുമെന്ന് എന്താണുറപ്പ്? പ്രത്യുത
ഉപജാതികളുടെ നശീകരണത്തോടെ പ്രക്രിയ അവസാനിക്കാനാണ് സാദ്ധ്യത(!). അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉപജാതികളുടെ നാശം ജാതികളെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുവാനും ദ്രോഹകരമാക്കുവാനും അധി
കാരപൂര്‍ണ്ണമാക്കാനും മാത്രമേ ഉതകുകയുള്ളൂ”. (പേജ് നമ്പര്‍ 94, ജാതിനിര്‍മ്മൂലനം - പരിഭാഷ റ്റി.കെ. നാരായണന്‍, പ്രസാധകര്‍ ബഹുജന്‍ സാഹിത്യഅക്കാദമി) ഉപജാതികളുടെ ലയനം, ഉപജാതികളുടെ നിര്‍മ്മൂലനം മാത്രമേ സാദ്ധ്യമാക്കുന്നുള്ളൂ എന്നും മറിച്ച് സമഗ്രമായൊരു ജാതിനിര്‍മ്മൂലനത്തിന് അതുകാരണമാകുന്നില്ല എന്നുതന്നെ യാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. ഉപജാതികള്‍ കൂടിച്ചേര്‍ന്ന സംവിധാനങ്ങളായ എന്‍.എസ്സ്.എസ്സ്., എസ്സ്.
എന്‍.ഡി.പി. സമൂഹങ്ങളും അവതമ്മില്‍ നടക്കുന്ന പലവിധതര്‍ക്കങ്ങളും മുകളില്‍ പറഞ്ഞ അംബേദ്കറുടെ വാദങ്ങള്‍ക്ക് ഉദാഹരണമാകുന്നുണ്ട് . “യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണെന്ന് എനിക്ക് ബോദ്ധ്യമായിട്ടുണ്ട്. രക്തസംയോജനം മാത്രമേ ബന്ധുക്കളെന്ന വികാരം സൃഷ്ടിക്കുകയുള്ളു. ബന്ധുമിത്രാദികളെന്നുള്ള വികാരംപരമപ്രധാനമായി തീരാതെ ജാതിയാല്‍ സൃഷ്ടിക്കപ്പെട്ട വേറിട്ടുനില്‍ക്കല്‍ വികാരം-അന്യരാണെന്ന വികാരം-തിരോധാനം ചെയ്യുകയില്ല”. “ജാതിയെ തകര്‍ക്കാന്‍വേണ്ടിയുള്ള ഒരു യഥാര്‍ത്ഥ പരിഹാരമാണ് മിശ്രവിവാഹം. ജാതി
യുടെ ലായകമായി മറ്റൊന്നും ഉതകുകയില്ല” (അതേ പേജ് അതേ പുസ്തകം).
      ‘മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുന്നത് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ബലം പ്രയോഗിച്ച് തീറ്റിക്കുന്നതുപോലെയാണ്’ - എന്ന് അംബേദ്കര്‍ പറയുന്നതിനെ സൂക്ഷ്മമായി വായിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് മിശ്രവിവാഹം എന്ന അര്‍ത്ഥതലത്തില്‍ എത്തിച്ചേരാവുന്നതേ
യുള്ളു. ‘ശാസ്ത്രങ്ങളില്‍ (?) അധിഷ്ഠിതമായ ദ്രോഹകരമായ മതധാരണകള്‍ തുടച്ചുവൃത്തിയാക്കി മനസ്സ് ശുചിയാക്കുമ്പോള്‍ ആരുംപറയാതെതന്നെ അവനോ അവളോ മിശ്രവിവാഹം ചെയ്യട്ടെ’യെന്നുള്ള ‘ജാതിനിര്‍മ്മൂലന’മെന്ന പ്രസംഗത്തിനിടയില്‍ അംബദ്കര്‍ സ്വീകരിക്കുന്ന നിലപാട് ഇതിനെ ശരിവെക്കുന്നുമുണ്ട്.
      ബ്രാഹ്മണരേയും സവര്‍ണ്ണരേയും പറ്റി പറയുമ്പോള്‍ ‘അവന്‍മാരെ’ന്നും മറ്റും കൂടെചേര്‍ത്ത് പറയുന്നഅന്ധവൈകാരികത അവസാനിപ്പിച്ച് പുതിയകാലത്തിന് യോജിച്ച സംഘാടകരായി മാറുകയാണ് വേത്.‘ഞങ്ങളും-നിങ്ങളുമെന്ന ഞരമ്പു കുറുക്കലുകളല്ല, മറിച്ച് ‘നമ്മളെന്ന’ സാദ്ധ്യതയിലേക്കാണ് അംബേദ്കറിസത്തിന്റെ ആത്യന്തിക പ്രയാണം എന്ന് തിരിച്ചറിഞ്ഞ് സ്വയംമാറാന്‍ കഴിയാത്തവര്‍ ഒരു ‘ദലിതുകോളനി’ മാത്ര
മായി അംബേദ്കറിസത്തെ കേവലവത്കരിക്കുകയാണ് ചെയ്യുന്നത്. ദലിതര്‍ക്ക് ഭൂരിപക്ഷമില്ലാത്തതോ, ദലിതര്‍തന്നെ  ഇല്ലാത്തതോ ആയ അംബേദ്കറൈറ്റ് മൂവ്മെന്റുകളും രാജ്യത്ത് വരുംകാലങ്ങളില്‍ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നമ്മള്‍ കല്പ്പിക്കുന്നത് .
       ചുരുക്കത്തില്‍ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ കാലത്ത് നടക്കുന്ന സംവാദങ്ങളിലൂടെ സംഭവിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോദ്ധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ള മിശ്രവിവാഹങ്ങളാണ് കാലഘട്ടത്തിന്റെ
ആവശ്യം. അത്തരം രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യപരിഷ്കരണ പ്രക്രിയയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉപജാതികള്‍ തമ്മിലുള്ളതായാലും, ജാതികള്‍തമ്മിലുള്ളതായാലും, മതങ്ങള്‍തമ്മിലുള്ളതായാലും.
പുതിയൊരു സംസ്കാരം അവ ഉത്ഘാടനം ചെയ്യുന്നുണ്ട്. ഈ സത്യത്തെ ചുമ്മാതങ്ങ് നിരാകരിച്ചുകൂടാ.

Thursday, 10 November 2011

അരളി-നിലപാടുകൾ.

ARELIA socio democratic forum for Nature, Litterateur, Art and Culture and Human Rights

ആമുഖം :-
                    ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ കൂടാതെ, രാജ്യത്തെ പരമാവധി വ്യക്തികളില്‍ അംബേദ്ക്കര്‍ അവബോധം വളര്‍ത്തുന്നതിലൂടെ ജാതിനിര്‍മ്മൂലനത്തില്‍ (Annihilation of caste) അധിഷ്ഠിതമായതും, ഉന്നത മാനവ മൂല്യങ്ങളാല്‍ ദൃഡപ്പെടുന്നതും, സമത്വ-സ്വാതന്ത്ര്യ-സാഹോദര ബോധത്താല്‍ ബഹുസ്വരവുമായി തീരുന്ന ഒരു സാമൂഹ്യ-ജനാധിപത്യ വ്യവസ്ഥിതി സാദ്ധ്യമാക്കുന്നതിന് സഹായകമാകും വിധത്തിലുള്ള സര്‍ഗാത്മക-രാഷ്ട്രീയ ഇടപെടലുകളിലൂടെ, കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ പാര്‍ശ്വവത്കൃത ജനവിഭാഗത്തിന്റെ  ചുവടും-താളവും-സ്വരവും-ചായവുമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് അരളി രൂപം കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ചരിത്രകാരന്മാരുടെ കണ്ണും വെട്ടത്ത് ഒരു നിഴലനക്കമായ് പോലും ഇടം ലഭിക്കാതെ പോയ കീഴാള ജനതയുടെ ചരിത്രപ്രവേശനത്തിനും, ആത്മപ്രകാശനത്തിനുമായി നിരന്തരമദ്ധ്വനിക്കുന്ന ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്‍, രാഷ്ട്രിയ-സാമൂഹ്യ-സംഘടനാ സ്ഥാപകര്‍, ഗായകര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ മഹത് വ്യക്തികളേയും സുമനസ്സുകളേയും എല്ലാ നവജനാധിപത്യ പ്രസ്ഥാനങ്ങളേയും അരളി അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. Ambedkar Readers Link എന്ന വേരിന്റെ ചുരുക്കെഴുത്താണ് 'അരളി’(Areli) വിവിധ ജാതിമത രാഷ്ട്രീയക്കാരും, ദരിദ്ര-ദലിത-ന്യൂനപക്ഷ-സ്ത്രീ-പരിസ്ഥിതി-മനുഷ്യാവകാശ-ബഹുസ്വര രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും, അംബേദ്ക്കര്‍ എന്ന പ്രത്യശാസ്ത്രകാരനെ ആദരവോടെ നോക്കി കാണുന്നവരുമായ കേരളത്തിലെ ഒരുപറ്റം കവികള്‍, കഥാകാരന്മാര്‍, ശില്പികള്‍, ചിത്രകാരന്മാര്‍, ചലചിത്ര-നടകപ്രവര്‍ത്തകര്‍ , ഗായകര്‍, മറ്റുകലാകാരന്മാര്‍, സഹൃദയര്‍, മിശ്രവിവാഹിതര്‍, പരിസ്ഥിതി - സ്ത്രീ പ്രവർത്തകര്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ ഗൌരവമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍, എന്നിവര്‍ സമ്മേളിക്കുന്ന ഒരു ‘നാടന്‍ കൂട്ടുകെട്ടാ’ണിത്.

    
                   ഫ്യൂഡല്‍ വരേണ്യതയുടെ മലീമസ അന്തര്‍വാഹിനികള്‍ക്ക് നിര്‍ബാധം വിഹരിക്കുവാന്‍ പാകത്തില്‍ അടിത്തട്ടാകെ രഹസ്യചാലുകള്‍ തീര്‍ത്തിട്ടുള്ള ചതിത്തറകളായി മാറിയിട്ടുണ്ട് ഇന്ന് ജനാധിപത്യ-മതേതര-സാംസ്കാരിക ഇടങ്ങള്‍. ഒരുപക്ഷേ ഭാഷയിലെ തന്നെ പ്രധാന വ്യാജവാക്കുകളാണിവ. ജനാധിപത്യവാദി, മതേതരവാദി, സാംസ്കാരികനായകര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഇവിടെ ചിലരെല്ലാം അന്യോന്യം അണിയിച്ചു രസിക്കുന്ന (രാജകൊട്ടാരങ്ങളില്‍ നിന്നും ആരംഭിച്ചതും, ബ്രാഹ്മണക് നൂലിഴകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, പുതിയ കാലത്ത് കാമ്പും കഴമ്പും തീരെയില്ലാത്തതിനാല്‍ തള്ളിപ്പറയേണ്ടുന്നതുമായ) പൊന്നാടകള്‍ മാത്രമാണ്  യഥാര്‍ത്ഥത്തില്‍. ജനാധിപത്യം എന്നപേരില്‍ അരങ്ങേറുന്നത് നഗ്നമായ ജാതിയാധിപത്യം തന്നെയാണ്. ഇലക്ഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പ് എന്നല്ലെന്നും, നാട്ടിലെ പ്രബല സമുദായങ്ങള്‍ ഏതൊക്കെയാണോ, അവ തമ്മിലുള്ള ബലാബലം എന്നതാണന്നും അനുഭവത്തിലൂടെ ആര്‍ക്കും ബോധ്യപ്പെടുന്നു. സംവരണം തുടരുന്നതിനാല്‍ തുച്ഛമായ പരിഗണനയെങ്കിലും ദലിതുകൾക്ക് ലഭിച്ചുവരുന്നു. (റിസര്‍വേഷന്‍ ഇല്ലാത്ത രാജ്യസഭയെ നിരീക്ഷിച്ചാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹൃദയമെന്തെന്ന് പിടികിട്ടിയേക്കാം). അനേകമായുള്ള മറ്റു ചെറുജാതികളെ സംബന്ധിച്ച് മേലില്‍ ഒരു പാല്‍ സൊസൈറ്റി അംഗത്വം പോലും സ്വപ്നം കാണാന്‍ കഴിയാത്തവിധം കാടുപിടിച്ചിട്ടുണ്ട്, ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും തുറന്ന ഇടമായ ഇന്ത്യന്‍ ജനാധിപത്യ രംഗം ഇന്ന്.

                   ലപ്പോഴും സാംസ്കാരിക നായകര്‍ എന്ന വിശേഷണത്തോടെ ചില മതേതരവാദികളെ മുന്നില്‍ നിര്‍ത്തിയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ‘പ്രബല സമുദായ പ്രീണന അജണ്ട’ തന്ത്രപരമായി നടപ്പിലാക്കുന്നത്. ഒരു സെക്യുലറിസ്റ്റ് ആവുക എന്നത്, ഇന്ന് വളരെ ലളിതമായ ഏര്‍പ്പാടായി മാറിയിട്ടുണ്ട്. മക്കള്‍ക്ക് ദൈവത്തിന്റെ പേരൊഴിവാക്കി പകരം  പൂവിന്റേയോ മറ്റൊ പേരിടുന്നതുപോലെയുള്ള കൊച്ചുകാര്യങ്ങളിലൂടെ ഒരാള്‍ മതേതരവാദി എന്ന ബഹുമതിക്ക് അര്‍ഹതപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വകാര്യമായി അദ്ദേഹം പുലര്‍ത്തുന്ന ജാതി ജീവിതത്തിന്റെ കാര്യത്തില്‍ എല്ലാവരും കണ്ണടക്കുകയും ചെയ്യുന്നു. ആഘോഷിക്കപ്പെടുന്ന ഒരു മതേതരവാദിയുടെ സ്വന്തം വിവാഹവും, മക്കളുടെ വിവാഹവും, സ്വന്തം ജാതിയില്‍ നിന്നാകുന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. കാരണം ഇന്ത്യയില്‍ മതമല്ല, ജാതി തന്നെയാണ് പ്രധാനപ്രശ്നം. കേവലം ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമായി അതൊതുങ്ങി നില്‍ക്കുന്നില്ല. ജാതിഹിന്ദുക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന സ്ഥൂലവും, സൂക്ഷമ്‌വുമായ തിക്താനുഭവങ്ങള്‍ ഏതാണ്ട് അതേപടി തന്നെ മറ്റ് മതസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്നുണ്ട് കീഴാളജനതയ്ക്ക്. ഹിന്ദുമതക്കാര്‍ എന്നനിലക്ക് മൊത്തത്തിൽ നോക്കികാണുകയല്ല ഇതര മതസ്ഥര്‍ ചെയ്യുന്നത്. ഒരോ ജാതിയോടും ഓരോ സമീപനം തന്നെയാണ് അവരിൽ ബഹുഭൂരിപക്ഷവും പുലര്‍ത്തിപോരുന്നത്. ആ മതങ്ങള്‍ക്കുള്ളില്‍ നിന്നാകട്ടെ ദലിത് ജീവിതാസ്വസ്ഥതകള്‍ മറനീക്കി പുറത്തുവരുകയും ചെയ്യുന്നു. അപ്പോള്‍, മതേതരവാദി'യെന്ന 'കള്ളക്കൊത്ത് ' അവസാനിപ്പിച്ച് ഒരു ജാതിയേതരവാദിയായി ജീവിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. മതേതരത്വം എന്ന വാക്കിന്റെ സ്ഥാനത്ത് 'ജാതിയേതരത്വം' എന്ന ഗൌരവ വാക്കാണ് സ്ഥാപിക്കപ്പെടേണ്ടത്. അതായത് എല്ലാത്തരം ജാതി സങ്കുചിത ചിന്തകള്‍ക്കും, പരിലാളനകള്‍ക്കും പുറത്തുകടന്ന വ്യക്തിയായി പരിണമിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷട്രീയത്തിലെ മത-ജാതി ഏറ്റക്കുറച്ചലുകളുടെ സ്ഥിതിവിവര കണക്കുകള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന രീതിയാണ് കൂടുതല്‍ ശരി എന്ന് അരളി വിലയിരുത്തുന്നു.

                    വിവാഹം പോലെയുള്ള അതിസൂക്ഷമ് കാര്യങ്ങളിലൂടെ സമൂഹത്തില്‍ ജാതി നിലനിര്‍ത്തുന്നതില്‍ വര്‍ഗ്ഗീയവാദികള്‍ക്കുള്ള പങ്ക് തന്നെയാണ്, പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗവാദികള്‍ക്കും, ഒപ്പം ജാതിവിരുദ്ധര്‍ എന്നവകാശപ്പെടുകയും, സ്വന്തം ഉപജാതിയില്‍ നിന്ന് തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരുവിഭാഗം അംബേദ്ക്കറൈറ്റുകള്‍ക്കുമുള്ളത് എന്ന് അരളി മനസ്സിലാക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം അതിന്റെ  നിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രധാന വഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു. മാത്രമല്ല ഒരു മിശ്രവിവാഹത്തിലൂടെ തന്റെ കാഴ്ചപ്പാടിനോട് സ്വന്തം ജീവിതം കൊണ്ട് നീതിപുലര്‍ത്തുന്ന കാര്യത്തിലും അദ്ദേഹം വിജയിക്കുന്നു. അപ്പോള്‍ വര്‍ഗ്ഗസിദ്ധാന്തത്തെ കയ്യൊഴിഞ്ഞുള്ള കമ്മ്യൂണിസ്റ്റുകാരുടെ ജാതിവിവാഹങ്ങള്‍ പൊലെതന്നെ അംബേദ്ക്കര്‍ സിദ്ധാന്തത്തിനു വിരുദ്ധമായി അംബേദ്ക്കറൈറ്റുകള്‍ നടപ്പിലാക്കുന്ന സ്വന്തം ഉപജാതി വിവാഹങ്ങളും തുല്യമായ ഗുരുതര കുറ്റകൃത്യമായി അരളി കാണുന്നു.

                    കൃത്യമായ അംബേദ്ക്കര്‍ വായനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യക്കു രണ്ടു പ്രത്യശാസ്ത്രങ്ങളാണുള്ളത്. ജാതികേന്ദ്രിത വ്യവസ്ഥയുടെ ആണിക്കല്ലായ ബ്രാഹ്മണിസവും, ജാതിരഹിത സാമൂഹ്യ വ്യവസ്ഥയുടെ പ്രായോഗികതയായ അംബേദ്ക്കറിസവും. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള പുരോഗമന മാനവിക ചിന്ത എന്ന നിലയില്‍ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായി രാജ്യത്തെ മുഴുവന്‍ പൌരന്മാരിലും ഒഴുകി നിറയേണ്ടതായ മൂല്യധാര. പൂര്‍ണ്ണമായ അംബേദ്ക്കര്‍ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്. സ്വന്തം സമുദായത്തെയല്ല, മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

                    അംബേദ്ക്കര്‍ തങ്ങളുടെതല്ല എന്ന പൊതുസമൂഹത്തിന്റെ നിഷേധ നിലപാടും, തങ്ങളുടെത് മാത്രമണ് അംബേദ്ക്കര്‍ എന്ന മട്ടിലുള്ള ചില ദലിത് കേന്ദ്രങ്ങളുടെ അതിവൈകാരിക നിലപാടും, ഒരുപോലെ തിരുത്തി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അരളി നില്‍ക്കുന്നത് അവിടെയാണ്. അംബേദ്ക്കര്‍ വായനയിലും ബോധ്യത്തിലും അധിഷ്ഠിതമായ വിശാലമായ സര്‍ഗ്ഗാത്മക ഹരിത ഭൂമിയായിരിക്കും അരളി എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സമത്വ- സ്വാതന്ത്ര്യ- സാഹോദര്യ മൂല്യങ്ങളിലൂന്നിയുള്ള അംബേദ്ക്കറൈറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ജാതിരഹിത സമൂഹമെന്ന ബുദ്ധപദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് അരളി വിശ്വസിക്കുന്നു. അംബേദ്ക്കറെ മാതൃകയായും, ശ്രീബുദ്ധനെ ഗുരുവായും സ്വീകരിച്ചു കൊണ്ടാണ് അരളിയുടെ യാത്ര എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

                    സംസ്ഥാന ഭാഷാ ഇന്‍സ്റ്റിസ്റ്റൂട്ട് പുറത്തിറക്കുന്ന അംബേദ്ക്കര്‍-വോളിയങ്ങളും, മറ്റു മുഖ്യധാരാ പ്രസാധകരുടെ സമാന രാഷ്ട്രീയ പുസ്തകങ്ങളും, അരളിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങളും, ജാതി-മത-രാഷ്ട്രീയ വ്യത്യാസംകൂടാതെ അക്ഷരാന്വേഷികളായ മുഴുവന്‍ പേരിലും നേരിട്ട് എത്തിക്കുവാനുള്ള ശ്രമമാണ് അരളിയുടെ മുഖ്യപരിപാടി. ഒപ്പം, ചെറുതും വലുതുമായ അമ്പതോളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാനും അരളി തീരുമാനിച്ചിട്ടുണ്ട്.
 

                    രാളിനേയും തള്ളി മാറ്റുകയല്ല, മറിച്ച് മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് അരളിയുടെ നയം. നൂറുശതമാനം സുതാര്യവും ജനാധിപത്യപരവും സാഹോദര്യാധിഷ്ഠിതവുമായ അരളിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍  നല്കി  ഐക്യദാര്‍ഢ്യപ്പെടുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി ചരിത്രത്തില്‍ ഒരു ഒളിച്ചോട്ടം താങ്കള്‍ നടത്തുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. നന്ദി.
------------------------------------------------------------------------------
[ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി പോസ്റ്റ് എഡിറ്റു ചെയ്തപ്പോള്‍ ഉണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുവാനിടയായി. അവയുടെ കോപ്പി താഴെ കൊടുക്കുന്നു]

ചാർ‌വാകൻ‌ said...

    ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യ്അത്തിലൂന്നിയുള്ള പുരോഗമന മാനവീക ചിന്ത എന്നനിലയിൽ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായും രാജ്യത്തെ മുഴുവൻ പൌരന്മാരിലും ഒഴുകിനിറയേണ്ടുന്ന മൂല്യധാര.പൂർണ്ണമായ അംബേദ്ക്കർ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്.സ്വന്തം സമുദായത്തെയല്ല,മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

    5 November 2011 20:31

Vinodan said...

    പ്രശ്നത്തിന്റെ മര്‍മ്മത്ത് തന്നെ പിടിച്ചിരിക്കുന്നു. ഏറ്റവും ആവശ്യമാണ്‌ ഇത്...

    5 November 2011 20:47

K.M.Venugopalan said...

    Well said; however,the unpleasant truth about it all is that both people supposedly speaking as organic intellectuals as well as the 'brahmanic' leftists alike refuse to read Ambedkar in the manner it would mandate for democratization of our caste ridden society.Rather than Annihilation of Caste, both camps seem to be (probably without being much conscious about it)sharing the cause of perpetuating it by default! 5 November 2011 21:27

    5 November 2011 21:29

chithrakaran:ചിത്രകാരന്‍ said...

    Valare nannayirikkunnu. Braahmana jatheeyatha allenkil savarna bodhatthe thanneyaanu apalapikkendath. Abhivadyangal !!!

    5 November 2011 22:24

ഇ.എ.സജിം തട്ടത്തുമല said...

    ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഈ ഗ്രൂപ്പിനു യോജിക്കാൻ കഴിയുന്നതും കഴിയാത്തതുമായ പല അഭിപ്രായങ്ങളും. ഉണ്ട്. ജാതി ഇല്ലാതാകേണ്ടതാണെന്ന ഉറച്ച അഭിപ്രായം മാത്രം അറിയിച്ച് ഇപ്പോൾ സന്ദർശനം അറിയിച്ചു പോകുന്നു.അല്പം കൂടി തിരക്കൊഴിയുമ്പോൾ വീണ്ടും ഇതുവഴി വരും!

    6 November 2011 01:26

ഇ.എ.സജിം തട്ടത്തുമല said...

    ആശംസകൾ!

    6 November 2011 01:26

Anonymous said...

    .//// ഇന്ത്യയുടെ അടിസ്ഥാനപ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം ജാതിനിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രബലവഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു//// "ജാതിവ്യവസ്ഥ തകര്ക്കാന് പറ്റിയ മാര്ഗം മിശ്രഭോജനമോ ,മിശ്രവിവാഹമോ അല്ലെന്നും ജാതിയുടെ അധിഷ്ഠാനമായ മതസങ്കല്പങ്ങളെ നശിപ്പിക്കുകയാണെന്നും ഞാന് പറഞ്ഞിരുന്നു "(ജാതിനിര്മൂലനം-ഡോ.അംബേദ്കര് സമ്പൂര്ണകൃതികള് വാല്യം 1 പേ 37) "മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുകയും അതിനുവേണ്ടി പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നത് കൃത്രിമോപായങ്ങളിലൂടെ നിര്ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതുപോലെയാണ് "(അതേ കൃതി. പേ 81. ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് 1996 നവം)

    9 November 2011 08:52

kaalamaadan said...

    അനോനിയുടെ അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ഡോ.അംബേദ്കറിന്രെ അബിപ്രായത്തിന് വിപരീതമായിട്ടാണെല്ലോ ചാര്‍വാകന്‍ ചേട്ടന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അപ്പോള്‍ ചേട്ടന്‍ ജാതി നിര്‍മൂലനം ശരിയായി വായിച്ചിട്ടില്ലേ ? :-)

    9 November 2011 16:17 Monday, 25 April 2011

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 11500 ലേറെ സംവരണ തസ്തിക അപഹരിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന സംവരണ വ്യവസ്ഥ അട്ടിമറിച്ച്  എയ്ഡഡ് മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങളിലൂടെയാണ് ഇത്രയും തസ്തികകൾ നഷ്ഠമായത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെയും,കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും,യു.ജി.സി യും വിവിധ ഘട്ടങ്ങളിലായി പുറപ്പെടുവിച്ച ഉത്തരുവുകളൂടേയും അടിസ്ഥാനത്തിൽ എയ്ഡഡ് സെക്റ്റർ റിസർവേഷൻ അജിറ്റേഷൻ കൌൺസിൽ(എ.എസ്.ആർ.എ.സി)നടത്തിയ വസ്തുതാ പഠനത്തിലാണ് അവസര നിഷേധത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്.
              സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നിയമനങ്ങളിൽ എസ്.ടി/എസ്.സി സംവരണം പാലിക്കണമെന്ന് 2005-ൽ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം കർശന ഉത്തരവു നൽകിയിരുന്നു.ഇതനുസരിച്ച് യു.ജി.സി.യും നിർദേശങ്ങൾ പുറപ്പെടുവിച്ചു .എന്നാൽ ഈ ഉത്തരവുകൾ പാലിച്ചിട്ടുണ്ടോ എന്നു നോക്കാതെയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.ഹയർ സെക്കൻഡറി,ഹൈസ്കൂൾ ,യു.പി.,എൽ.പി സ്കൂളുകളുടെ എണ്ണം 7966 ഉം.അധ്യാപക തസ്തിക 115140 ഉം ആണ്.ഇതനുസരിച്ച് ഹയർസെക്കണ്ടറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാത്രം 11500 ഓളം തസ്തികകൾ ദലിത്-ആദിവാസി സമുദായങ്ങൾക്ക് അർഹതപ്പെട്ടതാണ്.ഇതിൽ നിലവിലെ എണ്ണം 447.മാത്രമേയുള്ളു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കണക്കുപോലും ലഭ്യമല്ല.
              സംസ്ഥാനത്ത് 39 സർക്കാർ കോളേജുകളിലെ 2335 അധ്യാപകരിൽ 284പേർ പട്ടികജാതി വിഭാഗത്തിലും 34 പേർ പട്ടിക വിഭാഗത്തിലും പെട്ടവരാണ്.അതേസമയം150എയ്ഡഡ് കോളേജുകളിലെ 7199 അധ്യാപകരിൽ 11 പേർ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്.


Sunday, 12 September 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
               

Thursday, 17 June 2010

ഡോ. നല്ലതമ്പിതേരക്ക് ആദരാഞ്ജലികള്‍ !!!!

ഡോ.നല്ലതമ്പി തേര അന്തരിച്ചു. അരളിയുടെ ആദരാഞ്ജലികള്‍ !!.

              കേരളത്തിലെ ആദിവാസി ഭൂസമരത്തില്‍  നിര്‍ണായക വ്യക്തിത്വമായിരുന്നു ഡോ.നല്ലതമ്പി തേര. എന്തു കൊണ്ടെന്നാല്‍, ആദിവാസികളുടെ ജന്മാവകാശമായിരുന്ന ഭൂമി നഷ്ടപ്പെട്ടപ്പോള്‍ അതു തിരിച്ചു പിടിക്കാന്‍ 1975-ല്‍ തന്നെ കേരള നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കുകയുണ്ടായി. എന്നാ‍ല്‍ ഒരിക്കല്‍ പോലും അത് നടത്തിയെടുക്കാനോ, നേടിയെടുക്കാനോ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയ്യാറാകാതിരുന്ന ഘട്ടത്തില്‍ കോടതി വ്യവഹാരത്തിലൂടെ, ഈ നിയമം എന്തുകൊണ്ടു നടപ്പിലാവുന്നില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഡോ.നല്ലതമ്പിയുടെ ചരിത്രപരമായ പ്രാധാന്യം. ആദിവാസിദ്രോഹ നിയമ നിര്‍മ്മാണം നടത്തിയ , വിപ്ലവ-ഗാന്ധിയന്‍ കക്ഷികള്‍ക്കെതിരെ (ഗൌരിയമ്മയെ നന്ദിയോടെ ഓര്‍ക്കുന്നു) ആദിവാസിക്കു സമരം ചെയ്യാന്‍ സാഹചര്യമൊരുക്കിയതും സുപ്രീംകോടതിവരെ വ്യവഹാരങ്ങളുമായി ഈ വലിയ മനുഷ്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ്.
              മിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ചു. എം.ബി.ബി.എസ്സിനു പുറമേ നിയമബിരുദവും നേടി. ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് വയനാട്ടില്‍ തന്നെ താമസിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെ ലോകസഭയില്‍ മത്സരിച്ചിട്ടുണ്ട്. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. നിരവധി തവണ കുടിയേറ്റക്കാരുടെ ആക്രമണത്തിനു
വിധേയമായിട്ടുണ്ട്.

              ന്ന് ഇടതുപക്ഷ രാഷ്ട്രീയ സംവാദയിടങ്ങളില്‍ സ്വത്വ രാഷ്ട്രീയം അവമതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍,  അതുമാത്രമെ അദിവാസികളുടെയും കീഴാളരുടെയും അതിജീവനത്തിനുള്ള പോരാട്ടത്തിന് ഉപകാരപ്പെടൂ എന്നും മറ്റ് രാഷ്ട്രീയമെല്ലാം അവരെ  നിരന്തരം വ‍ഞ്ചിക്കുക മാത്രമേ ചെയ്യൂവെന്നും സ്വന്തം പോരാട്ടത്തിലൂടെയും അനുഭവങ്ങളിലൂടെയും പഠിപ്പിച്ചു തന്ന മനുഷ്യസ്നേഹിയായ ഡോ.നല്ലതമ്പി തേരയുടെ വേര്‍പാടില്‍, കേരളത്തിലെ ദലിത്-ആദിവാസി ജനസമൂഹത്തോടൊപ്പം ‘അരളി’ ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു.

Monday, 14 June 2010

അഥവാ ആത്മാവുമായി ഒരഭിമുഖം

  പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലർത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാർത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്.തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.
1.മറ്റാർക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടിൽ നാട്ടിലെ ദലിതുകൾക്കും കൊടുക്കാറ്.YES/NO.
2.അപ്പൂപ്പൻ,അമ്മൂമ്മ,അങ്കിൾ,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങൾ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്.  YES/NO.
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? yes/no.
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കുവാൻ ഞാൻ മടിക്കുന്നുണ്ടോ?  yes/no.
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങൾക്കും കുടുംബവുമൊത്താണോ ഞാൻ പോകാറ് ? yes/no.
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് ? yes/no.
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകൾ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ?  yes/no.
8.ബോധവൽക്കരണമെന്ന നിലക്ക് വീട്ടിൽ ജാതി ഒരു ചർച്ചാവിഷയമാക്കാൻ എനിക്കു കഴിയുന്നുണ്ടോ? yes/no.
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉൽ‌പ്പന്നമെന്നനിലയിൽ ജാതിവ്യവസ്ഥയെ ദുർബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാൻ നടത്തുന്നുണ്ടോ ? yes/no.
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കൾക്കുനൽകുവാൻ എനിക്കു കഴിയുമോ ? yes/no.
11.എന്റെ സൌഹൃദങ്ങൾക്ക് സമുദായം  മാനദണ്ഡമാകുന്നുണ്ടോ  ? yes/no.
12.സ്വന്തം സമുദായക്കാർ മാത്രമോ,സമാന ജാതികളിൽ പെടുന്നവർ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൈഹൃദവലയം? yes/no
13.ചുറ്റുവട്ടത്തെ ദലിതുകൾ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീൽ അംഗങ്ങളായുണ്ടോ?yes/no.
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളിൽ ദലിതുകൾ ഉൾപ്പെടുന്നുണ്ടോ ? yes/no.
15.ജാതിനോക്കി ഞാൻ വോട്ടു ചെയ്തിട്ടുണ്ടോ? yes/no.
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാൽ ആ പ്രവണതയെ ഞാൻ എതിർക്കുന്നുണ്ടോ?yes/no.
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കുമോ? yes/no.
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ,സ്വീകരിക്കുമോ ?yes/no.
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി ഉയർന്ന ജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ സ്വീകരിക്കുമോ ? yes/no.
20.പ്രേമിക്കുന്ന  വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
21.കാമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയിൽ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? yes/no.
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ?yes/no.
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാൻ എനിക്കു സാധിക്കുമോ ? yes/no.
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ?yes/no.
                താങ്കൾ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളിൽ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം  പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ‘’ഓക്സിജനും ഹൈഡ്രജനും ‘’പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛൻ കട്ടിൽകീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങൾക്കുനേരേ കണ്ണുതുറന്നുപിടിക്കുവാൻ നമ്മൾ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങൾ  പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകൾ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീൽ നിലനിൽക്കുന്ന ചായക്കടകളിലെ ഡബിൾ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങൾ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടിൽ ഹോട്ടൽ തുറന്നു ജീവിക്കുവാൻ ഒരു ദലിതൻ എന്തുകൊണ്ട് കേരളത്തിൽ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കൽ തന്നെയാണ്.( c.s.rajesh)