Monday 19 April 2010

ഒരു ജനാധിപത്യ സമൂഹത്തിലെ സംഗീതം എന്തായിരിക്കണം ?.

സമത്വത്തിനു വേണ്ടിപൊരുതിയവർ,സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തവർ ,സാഹോദര്യത്തിനു വേണ്ടി ഉറക്കം വെടിഞ്ഞവർ,ഒളിഞ്ഞോ-തെളിഞ്ഞോ ഇവയിലേതെങ്കിലും സാമൂഹ്യചലനഗതിയുടെ ഭാഗമായും,ഭാഗമായികൊണ്ടിരിക്കുന്നവരുമായ ഓരോരുത്തരുടേയും ജീവശ്വാസത്തിൽ നിന്നുമുയിർകൊള്ളുന്നതായിരിക്കണം മനുഷ്യന്റെ സംഗീതം.
               അസമത്വങ്ങളും, അനീതികളും,ദാരിദ്ര്യവും അജ്ഞരാ‍യമനുഷ്യരുടെ സൃഷ്ടികളാണന്നും നേരറിയാവുന്ന മനുഷ്യർക്ക് അവ അനായാസം തൂത്തെറിയാനാവുന്നതുമാണന്ന ചരിത്രസത്യം മറ്റുള്ളവരുടെ സമരജീവിതങ്ങളെ മുൻ നിർത്തി പാടിപകരേണ്ടതാണ് സംഗീതം.
                ആഴത്തിലും പരപ്പിലും അനന്തമായി കിടക്കുന്ന ശാസ്ത്രീയസംഗീതത്തിലെ ഒരു തിരപോലും കോടാനുകോടി അധ്:സ്ഥിതരും സ്ത്രീകളും  അധ്വാനിക്കുന്നവരുടേതുമായി അലയടിക്കാതിരുന്നത് യാദൃശ്ചികമല്ല.മാനവസംഗീതത്തിന്റെ കൂട്ടകൊല നൂറ്റാണ്ടുകൾക്കപ്പുറം അരങ്ങേറുകയും ജഡമാത്രമായതിനെ വെള്ളപൂശി വേഷംകെട്ടിക്കുകയും ചെയ്തുകൊണ്ടുമാത്രമാണത്.അധ്:സ്ഥിതരിൽ നിന്നും സ്ത്രീകളിൽ നിന്നും അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്ന എല്ലാവരിൽ നിന്നും ‘എന്നെ കാത്തുകൊള്ളേണമേ’ എന്ന യാചനകളായി സംഗീതകീർത്തനങ്ങൾ അധ്:പതിക്കുകയും ഈ ലോകത്തിന്റെ അധ്വാനഫലത്തെ അത്യാർത്തിയോടെ ഭോഗിക്കുകയും ,അധ്വാനിക്കുന്നവരെ പുശ്ചിച്ചുകൊണ്ട്‌ മറ്റൊരുലോകത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി  ശാസ്ത്രീയസംഗീതത്തിന്റെ സൌന്ദര്യ നിയമങ്ങൾ മാറ്റിയെഴുതിയതും യാദൃശ്ചികമല്ല.ഭൂരിപക്ഷത്തിനെ ചൂഷണം ചെയ്തു കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ സുഖ -അധികാരം സ്ഥാ‍പിക്കുകയെന്ന കേവലപ്രാകൃതകൌശലം മാത്രമായിരുന്നു അതിനു പിന്നിൽ.
           വരേണ്യ-പുരുഷ വീരസ ശൃംഗാരത്തിൽ നിന്നും ലജ്ജയും.കൃതിമ ഭയവും കലർന്ന ഭക്തി-മോക്ഷ പുകമറകളിൽ നിന്നും അഭിമാനവും സ്ഥൈര്യവും ജനാധിപത്യ കരുത്തുമുള്ള മനുഷ്യാംശങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം ഉയരേണ്ടതുണ്ട്.
             എ.ഡി.ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെടുത്ത ആയുധമേന്തിയ വരേണ്യ-പുരുഷ-സ്ത്രീ സാങ്കല്പിക കഥാപാത്രങ്ങളെ ആരാധിക്കുന്ന ജനാധിപത്യ വിരുദ്ധ  അശാസ്ത്രീയ മൂഡതകളിൽ നിന്നും ആധുനിക സംഗീതം സ്വതന്ത്രമാകേണ്ടതുണ്ട്.
            മനുഷ്യരും അവരുടെ നിലനില്പിനായുള്ള പോരാട്ടങ്ങളും ജയപരാജയങ്ങളും പ്രയാണങ്ങളും ഭയങ്ങളും അത്ഭുതങ്ങളും സ്വപ്നങ്ങളും ആവേശങ്ങളും കരുണകളും കാമങ്ങളും വാത്സ്ല്യങ്ങളും ആദരാഭിമാനങ്ങളും ആഘോഷങ്ങളും  നിറഞ്ഞ ജീവിതമായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ സംഗീത സാഹിത്യം.

Saturday 17 April 2010

അരളി-AMBEDKAR READERS LINK

ആകാശത്തെ അംബേദ്ക്കർ എന്ന് വിളിക്കാമോ എന്നറിയില്ല.എന്നാൽ അംബേദ്ക്കറെ നിശ്ചയമായും ആകാശമെന്നു വിളിക്കാം.മതിലുകളോ,മുരിപ്പുകളോ,യുദ്ധപ്പുകയോ ഇല്ലാത്ത മാനവീകതയുടെ നീലിമ.Lividity of humanity.
      ഒരു ഇന്ത്യാക്കാരന്റെ വായന പൂർണ്ണമാകുന്നത് ,അയാൾ അംബേദ്ക്കറെകൂടി വായിക്കുമ്പോൾ മാത്രമാണ്.കാരണം ഭൂമിയിലെ ഏറ്റവും നികൃഷ്ടവും ,സങ്കീർണ്ണവുമായ ആന്തരീക ഘടന തന്ത്രപരമായി നിലനിർത്തപ്പെടുന്ന ഒരു ദേശരാഷ്ട്രത്തിന്റെ X-ray ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.ആകാശത്തുനിന്ന് നോക്കിയിട്ടെന്നപോലെ വസ്തുനിഷ്ഠമായി ഈ രാജ്യത്തെ വിശദീകരിച്ചിട്ടുള്ളത് മറ്റാരാണ്.? ഒരു നാടിന്റെ അടിമുടി രോഗാതുരമായ സാമൂഹ്യശരീരത്തെയും,കീടാണുക്കളാൽ സമ്പന്നമായ അതിന്റെ ആത്മാവിനേയും നഗ്നമാക്കുന്നു...ആ വാക്കുകൾ. നാലായിരം വർഷങ്ങളുടെ ചരിത്രദൂരത്തോളം വേരാഴ്ത്തിയിട്ടുള്ള ജാതിയുടെ മാമരങ്ങൾ ഇടതിങ്ങുന്ന ഒരു വിഷകാടിന്റെ ജീവശാസ്ത്രവും,രീതിശാസ്ത്രവും അംബേദ്ക്കറെ വായിക്കുമ്പോഴേ ബോധ്യമാകൂ.
       മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽ‌പ്പന്നമെന്നും,മനസ്സിന്റെ വികൃതരോഗമെന്നും,യുക്തിരഹിതമായ അശാസ്ത്രീയത എന്നും മറ്റും ഇക്കിളിപ്പെടുത്തി കേവലവൽക്കരിക്കുന്നതിലൂടെ,ലളിതമായി കൊഴിഞ്ഞുപോകുന്ന ഉപരിപ്ലവതയല്ല ഹീനമായ ആ സാമൂഹ്യ യാഥാർത്ഥ്യവും ,അതുപകരുന്ന ഉൾമുറിവുകളും.സ്ഥൂലരൂപങ്ങളിലും സൂക്ഷമരൂപങ്ങളിലുമായി,നിർബാധം പ്രവർത്തിച്ചു തഴ്ക്കുന്ന ജാതിവ്യവസ്ഥയെന്ന മനുഷ്യ-പ്രകൃതി-ശാസ്ത്രവിരുദ്ധതയെ പ്രതിരോധിച്ചു തകർക്കുവാനുള്ള കൃയാത്മക പദ്ധതികൾ അടങ്ങുന്നതുകൊണ്ടാണ് അംബേദ്ക്കർ ചിന്തകൾ  ഇന്ന വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതും,അംഗീകരിക്കപ്പെടുന്നതും.ജനാധിപത്യം,മതേതരത്വം,പുരോഗമനം,
സാംസ്കാരികം,വിപ്ലവം,അതിവിപ്ലവം തുടങ്ങി ഇന്ന് കൊണ്ടാറ്റപ്പെടുന്ന ഇടങ്ങളെല്ലാം ജാതിപ്രയോഗങ്ങളുടെ ഒളിയിടങ്ങളായി അധപതിച്ച് ,അർത്ഥംചൊട്ടിപോയിരിക്കുന്ന ഒരു കൂട്ടുകുറ്റകൃത്യകാലത്ത് അംബേദ്ക്കർ ചിന്തകൾ കൂടുതൽ പ്രസ്ക്തവും ,പ്രകാശവുമാകുന്നതാണ് കാഴ്ച.
            ഇന്ത്യയുടെ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരമായി’ജാതി നിർമൂലനത്തിലധിഷ്ഠിതമായ സാമൂഹ്യ ജനാധിപത്യം’അംബേദ്ക്കർ മുന്നോട്ടുവെക്കുന്നു.മിശ്രവിവാഹമെന്ന സംസ്കാരം അദ്ദേഹം ആഹ്വാനം ചെയ്യുന്നു.സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം(equality,liberty,fraternity)എന്ന ഫ്രഞ്ചുവിപ്ലവ മുദ്രാവാക്യം സമഗ്രതയുടെ പേരിൽ അദ്ദേഹം ഏറ്റെടുത്തു മുഴക്കുന്നു.അങ്ങനെ മാനവീകതയുടെ യഥാർത്ഥ പാട്ടുകാരനായി അദ്ദേഹം മുമ്പേ നടക്കുന്നു.
    സംവാദവും,സൌഹൃതവും ചേര്‍ത്തു തുന്നുന്ന പാരസ്പര്യത്തിന്റെ തോരണത്താല്‍ മുഖരിതമാവട്ടെ ഈ’ബ്ലോഗ്’. താങ്കള്‍ യഥാര്‍ത്ഥ ജനാധിപത്യവാദിയാണങ്കില്‍, ഈ സുതാര്യ ഉദ്യമത്തോട് ഐക്യദാര്‍ഢ്യപ്പെടുക എന്നത്  തങ്കളുടെ ഉത്തരവാദിത്തം തന്നെയാണ്.