Sunday 12 September 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.