Friday, 11 June 2010

സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.

അടുത്തകാലത്തായി കേരളത്തിലെ മാര്‍ക്സിസ്റ്റു സംവാദങ്ങളില്‍  ഇടം കണ്ടെത്തുകയും കത്തിക്കയറുകയും ചെയ്ത ഒരു വിഷയമെന്ന നിലയില്‍ സ്വത്വരാഷ്ട്രീയം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റു ബുദ്ധിജീവികളായ കെ.ഈ.എന്‍ കുഞ്ഞഹമ്മദും പി.കെ.പോക്കറുമാണ് ഈ വിഷയത്തെ കൂടുതല്‍ വിപുലപ്പെടുത്തിയത്. ഇതൊരു പുതിയ വിഷയമല്ല.  ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത്   ഡോ.ബി.ആര്‍.അംബേദ്ക്കറും മുസ്ലീം നേതൃത്വവും ഉയര്‍ത്തിയ വാദങ്ങളാണ്. കാരണം ഇന്ത്യന്‍  ഭരണകൂടം തദ്ദേശീയമായി വികസിച്ചുവരുന്ന ഘട്ടത്തില്‍ ഭരണ കൈമാറ്റം ആരുടെ കൈകളിലേക്ക് എന്ന നിര്‍ണായക വിഷയം രൂപപ്പെടുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്  അത്  'ഇന്ത്യാക്കാരുടെ സ്വരാജ്യ'മാകുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. കാരണം അടിമുടി സവര്‍ണഹൈന്ദവികതയില്‍ കെട്ടിയുയര്‍ത്തിയ ആ പ്രസ്ഥാനത്തിനറിയാമായിരുന്നു ഭരണം ആരുടെ കൈയ്യിലാകുമെന്ന്.

                           കമ്മ്യൂണിസ്റ്റുകളുടെ നിലപാട്  ഭരണം'ഫ്യൂഡല്‍ ജന്മികളുടെ' കൈയ്യിലാകുമെന്നായിരുന്നു. ആ വിഭാഗം ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയുമില്ല. എന്നാല്‍ അംബേദ്ക്കര്‍ പറഞ്ഞു  ഭരണം 'ബ്രാഹ്മണ-ബനിയ' കളുടെ കൈയിലാകുമെന്ന്. ഇവിടെയാണ്   മൌലീകവീക്ഷണങ്ങള്‍ ഏറ്റുമുട്ടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗനിലപാടില്‍ ഊന്നിനിന്നുകൊണ്ട്  ഭരണവര്‍ഗ്ഗത്ത 'ഫ്യൂഡല്‍'എന്നു തിരിച്ചരിയുന്നുണ്ടങ്കിലും അതിലെ സവര്‍ണ-ബ്രാഹ്മണകുത്തകയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരുതരത്തില്‍ കമ്മ്യൂണിസത്തിന്റെ നേതൃത്വം തന്നെ സവര്‍ണബ്രാഹ്മണരായിരുന്നതിനാല്‍ ജാതിസ്വത്വങ്ങളെന്ന സവിശേഷ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കുകയും ആ വിഭാഗങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം 'സമ്പൂര്‍ണ സാമൂഹ്യവിപ്ലവ'മെന്ന കമ്മ്യൂണിസ്റ്റ്  ഊട്ടോപ്യന്‍ സ്വപ്നത്തില്‍ കുരുക്കിയിടുകയുമാണ് ചെയ്യുന്നത്. തുടക്കം മുതല്‍ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന കീഴാളവര്‍ഗ്ഗം ഈ കാപട്യം  തിരിച്ചറിയാതിരിക്കുകയും  കമ്മ്യൂണിസ്റ്റുകളുടെ വിറകുവെട്ടികളും വെള്ളം കോരികളുമായി ആ പാര്‍ട്ടികളില്‍ ഒതുക്കപ്പടുകയുമായിരുന്നു. കീഴാളസമൂഹത്തിന്റെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ മാത്രമെന്ന് അംബേദ്ക്കറിസത്തിലൂടെയും അനുഭവത്തിന്റെ വെളിച്ചത്തിലും കൂടിയുള്ള തിരിച്ചറിവ് അടിമജനതയെ കമ്മ്യൂണിസ്റ്റുകളോട് വിടപറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. വേറിടപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനത, സ്വന്തം   പൌരാവകാശ/മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തോടും പൊതുബോധത്തോടും പ്രക്ഷേപിക്കുന്നതു തന്നെയാണ് സ്വത്വവാദം.
                          
                             കുറഞ്ഞത് രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമുള്ള ജാതിവ്യവസ്ഥയെ ഒരു പോറലുമേല്‍പിക്കാതെ പറിച്ചു നടാന്‍ ശ്രമിച്ച ഗാന്ധിയന്മാരുടേയും, മാര്‍ക്സിസ്റ്റുകളുടേയും ശ്രമത്തെ വിഷയവത്ക്കരിക്കാനും, പ്രശ്നവത്ക്കരിക്കാനും കഴിഞ്ഞതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ അംബേദ്ക്കറുടെ വലിയ സംഭാവന. അടിമജനതയുടെ വിമോചനത്തിന് പ്രയോജകമാകേണ്ടിയിരുന്ന വട്ടമേശ സമ്മേളനങ്ങള്‍ ഗാന്ധിജി  അട്ടിമറിക്കുകയും അതോടൊപ്പം അയിത്ത ജാതികളുടേയും, മുസ്ലീമുകളുടെയും അടുത്ത തോഴനാണ് ഞാനെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ബാബാസാഹിബു കൊടുത്ത മറുപടി 'ഞങ്ങള്‍ വേറിട്ടൊരു ജനതയാണ്, നൂറ്റാണ്ടുകളായി  സാമൂഹ്യവും, സാമ്പത്തികവും, അവകാശാധികാരങ്ങളില്‍ നിന്നും തിരസ്കൃതരായ ജാതിസമൂഹം’. മി.ഗാന്ധി കൂടുതല്‍ കഷ്ടപ്പെടേണ്ട.

                             തൊള്ളായിരത്തി  മുപ്പതുകളില്‍ അംബേദ്ക്കര്‍ മുന്നോട്ടു വെച്ച സൈദ്ധാന്തിക രൂപം തന്നെ,"സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍, രാഷ്ട്രീയമായും വേര്‍തിരിയേണ്ടതുണ്ട്" എന്നായിരുന്നു. അതിനും ഒരു നൂറ്റാണ്ടു മുമ്പെങ്കിലും ലോകത്തില്‍ പലഭാഗത്തും, വംശീയ/വര്‍ണ്ണ/ജാതി 'സ്വത്വങ്ങള്‍ രൂപപ്പെടുകയും കലാപം നടത്തുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.

                              ഭരണവര്‍ഗ്ഗം ഏതൊക്കെ വിഭാഗങ്ങളെ അപരവത്ക്കരിക്കുന്നു എന്നത് പ്രധാനമാണ്. കമ്മ്യൂണിസം പോലുള്ള ഏകാധിപത്യ/സമഗ്രാധിപത്യ വ്യവസ്ഥകള്‍ കീഴാളസ്വത്വത്തെ മാത്രമല്ല, ഉല്പാദനക്ഷമമല്ലെന്ന കാരണത്താല്‍, വികലാംഗര്‍,  മന്ദബുദ്ധികള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരേയും പുറത്താക്കും. സ്ത്രീകള്‍ പരിഗണന അര്‍ഹിക്കാത്തവരായി മാറ്റിയെടുക്കും. അപ്പോള്‍ സ്വത്വമെന്നത് ഒരു രാഷ്ട്രീയ വിഷയമാവുന്നു.

                              ഇവിടെ  കെ.ഈ.എനും, പോക്കറും കറകളഞ്ഞ വര്‍ഗ്ഗപക്ഷവാദികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ ഉയര്‍ത്തുന്ന 'സ്വത്വ രാഷ്ട്രീയ'ത്തിന്റെ വിഷയം തികച്ചും ഒരു വ്യാജനിര്‍മ്മിതിയാണന്നു പറയേണ്ടിവരുന്നത്. മാര്‍ക്സിസത്തിന്റെ"ശാസ്ത്രീയതയും", വിപ്ലവം കൊണ്ടുവരുന്ന മനുഷ്യത്വവും, ഭരണകൂടം കൊഴിഞ്ഞു പോകുന്ന നല്ലനാളുകളേയും പറ്റി ഇരുവര്‍ക്കു സന്ദേഹമേ ഇല്ല. പിന്നെന്താണ് ഇത്തരമൊരു വാദവുമായി പുറപ്പെടുകയും ജാമ്യം കിട്ടാതെ കോടതി വരാന്തയില്‍ വിഷണരായി നില്‍ക്കുന്നത്. ഇതറിയണമെങ്കില്‍ ആദ്യം മാര്‍ക്സിസവും, പിന്നെ ഇന്ത്യന്‍ സമൂഹത്തെയും തിരിച്ചറിയണം.

                             മാര്‍ക്സിസമെന്നത്, യൂറോപ്പിലെ വെള്ളക്കാരന്റെ തലയിലുദിച്ചൊരു സാമ്പത്തിക ശാസ്ത്രമാണ്.  യൂറോപ്യന്‍ തത്വചിന്തയുടേയും, രേഖീയമായ ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്റെ ശാസ്ത്രബോധവും കൂട്ടികലര്‍ത്തി, വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , വികസിത രൂപമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗം വ്യവസായസ്ഥാപനങ്ങളും, അവസാനം ഭരണകൂടവും പിടിച്ചെടുക്കുമെന്ന വളരെ ലഘുവായ സ്വപ്നങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മാര്‍ക്സിസം, ഇന്ന് ലെനിനിസം-സ്റ്റാലിനിസം-മവോയിസം തുടങ്ങിയ സത്തകളാല്‍ പരിപോഷിതമായി , ഇവിടെ അന്ത്യശങ്കരനായ  ഈ.എം.എസ്സിലൂടെ വളര്‍ന്ന്  കെ.ഇ.എന്നിലും പോക്കര്‍സായിവിലൂടെയും പന്തലിച്ച് ആര്‍ക്കും പിടിതരാതെ ആകാശത്തിലേക്കു പോകുന്നത്. നമ്മുക്കറിയാം വിപ്ലവം നടന്ന രണ്ടിടത്തും, കാര്‍ഷിക ജനതയാണ് അതു നടത്തിയെടുത്തത്. എത്രകാലം അതു തൊഴിലാളി-കര്‍ഷകജനതയുടെ ഇച്ഛയ്ക്കൊത്തു നിലനിന്നു. ഇന്നതിന്റെ അവസ്ഥയെന്ത്? ഏഷ്യന്‍ രാജ്യങ്ങളില്‍ വേറെ ഏതൊക്കെ രാജ്യങ്ങളാണ് ഈ വമ്പന്‍ പ്രത്യശാസ്ത്രം ഏറ്റെടുത്തത്..? കറുത്തവര്‍(ബ്ലാക്സ് )എന്തുകൊണ്ടിതു കണ്ടില്ല? ഇന്ത്യയില്‍ തന്നെ രണ്ടു ഡസനിലധികം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍  അതിന്റെ സൈദ്ധാന്തികത ഉരുട്ടി കളിച്ചോണ്ടു നടക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തൊടാനേ കഴിയുന്നില്ല. ഇന്ത്യയുടെ ഹൃദയ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജാതിയെന്ന വിഷത്തെ, സാമ്പത്തിക അടിത്തറ-സാംസകാരിക മേല്പുര സിദ്ധാന്തമെന്ന ഒറ്റമൂലിയാല്‍ ചികിത്സിക്കാന്‍ നടക്കുന്ന, ബ്രാഹ്മണീകരിച്ച സവര്‍ണ ലാടവൈദ്യന്മാരുടെയടുത്ത് സ്വത്വരാഷ്ടീയം പറഞ്ഞിട്ടു  വല്ല  കാര്യവുമുണ്ടോ ?

                            ഇവിടെ വിഷയം കുറേകൂടി വിപുലമാവുകയാണ്. അധികാര-മൂല്യവ്യവസ്ഥകള്‍  സവര്‍ണരിലേക്കും, അതിലെ പുരുഷനിലേക്കും ഒഴുകിയിറങ്ങുമ്പോള്‍ , അപരരുടേയും, ദേശസ്നേഹമില്ലാത്തവരുടേയും എണ്ണം കൂടികൊണ്ടേയിരിക്കും. അങ്ങനെയല്ലന്നു ബോധ്യപ്പേടുത്തേണ്ട ബാധ്യത ഏതുതരം മുസ്ലീമിനുമുണ്ടന്ന് വ്യക്തം.(ഇതിനിടെ മാതൃഭൂമിയില്‍ ഹമീദ് ചേന്ദമങ്ങലൂര്‍ പറയുന്നത് , ജമാഅത്തെ- ഇസ്ലാമിയുടെ സ്വത്വരാഷ്ട്രീയ പ്രത്യയശാസ്ത്രം കെ.ഇ.എന്നിലൂടെയും പോക്കറിലൂടെയും മാക്സിസ്റ്റുപാര്‍ട്ടിയിലേക്ക് ഒളിച്ചു കടത്തുന്നുവെന്നാണ്. എളുപ്പമല്ലേ..? കരയണൊ-ചിരിക്കണോ? )
                              സ്വത്വവാദം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണന്ന വാദം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ നീഗ്രോകളും, റെഡിന്ത്യന്‍സും ഈ വാദമുയര്‍ത്തിയത് എന്തുകൊണ്ടന്ന് പറയുന്നില്ല. മറ്റൊന്ന് സ്വവര്‍ഗ്ഗ ലൈംഗീകതയുടെതാണ്, മനുഷ്യാവകാശത്തിനായി കളത്തിലിറങ്ങുന്നവരെ ഏതു വര്‍ഗമായി ഗണിക്കണം? മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു രാജാവുതന്നെ വെളിപ്പെടുകയുണ്ടായി.

                             വിശാലമായ രൂപത്തില്‍ മനുഷ്യനേയും, അവരുടെ കാമനകളേയും, ചോദനകളേയും പരിഗണിക്കുന്ന ശീലം ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്രം ഒരിക്കലും പരിഗണിച്ചിട്ടില്ല. സന്ദേഹമേയില്ലാത്ത മനുഷ്യന്റെ ഉടല്‍ രൂപം, ശരികളുടെ മൊത്ത കച്ചവടം, വെള്ളക്കാരില്‍ നിന്നും ഇന്ത്യയിലെ ബ്രാഹ്മണകുമാരന്മാര്‍ കമ്മ്യുണിസം ഏറ്റെടുക്കുമ്പോള്‍, അംബേദ്ക്കറുടെ ഒരു നിരീക്ഷണം- പച്ചപുല്ലിലെ പച്ചില പാമ്പുകള്‍( അവയെ ഒരിക്കലും തിരിച്ചറിയാനാകില്ല) എത്ര സത്യമാണന്നു കാണാം.
                                    
                           കേരളത്തില്‍ എണ്‍പതുകളില്‍ തന്നേ ദലിത് പ്രത്യശാസ്ത്രവത്ക്കരണം നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായുള്ള ബന്ധം വിച്ചേദിച്ചുകൊണ്ട് , അംബേദ്ക്കറെ കേന്ദ്രീകരിച്ച് പുതിയ പാഠങ്ങള്‍ കണ്ടെത്തുന്നു. ഇതെന്തുകൊണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നില്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യാവകാശത്തെ മുന്നോട്ടു വെച്ചപ്പോള്‍, സാധ്യമായ ഉണര്‍വ് അടുത്ത ഘട്ടത്തില്‍ തൊഴില്‍പരമായ പ്രശ്നങ്ങളേറ്റെടുക്കുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉദയത്തോടെയാണ്. ഉയര്‍ന്ന സാമൂഹ്യചുറ്റുപാടില്‍ നിന്നും വന്നവര്‍ കൃത്രിമമായ സാഹോദര്യത്തോടെ "സഖാവെ"എന്ന വിളിച്ചപ്പോള്‍ അതില്‍ മയങ്ങി പോയവര്‍ പിന്നീടറിഞ്ഞത് അതിന്റെ കുരുക്കാണ്. കൊട്ടിഘോഷിക്കുന്ന ‘ഭൂപരിഷ്ക്കരണ’ത്തില്‍ പത്തു സെന്റില്‍ താഴെയുള്ള കുടികിടപ്പില്‍ ഒതുങ്ങിപോയവര്‍, അടുത്ത തലമുറയില്‍ പ്രതിസന്ധി നേരിടുന്നു. അങ്ങനെയാണ് ഭൂസമരം ദലിതുകളുടെ മുങ്കൈയില്‍ നടക്കുന്നത്. ആദിവാസികളുടെ ഭൂമിയുടെ വിഷയവും സമാനമായി നടക്കുന്നു. അവരില്‍ നിന്നു തന്നെ നേതൃത്വവും ഉണ്ടാകുന്നു.
ഇത് കമ്മ്യൂണിസ്റ്റുകളെ പ്രതിസന്ധിയിലാക്കുന്നു. അങ്ങനെ ആദിവാസിക്ഷേമസമിതിയും. പട്ടികജാതി കണ്‍വെന്‍ഷനും നടക്കുന്നു. ഇതെല്ലാം പാര്‍ട്ടി നേരിട്ടു നടത്തുമ്പോഴും.,സത്വരാഷ്ട്രീയം വിഷയമാവുന്നത് ഇസ്ലാം ഒരു ഭീകരതയായി അടയാളപ്പെടുന്നതോടെയാണ്.

                           സവര്‍ണ മിത്തുകളും ഐതീഹ്യങ്ങളും  മുന്‍വിധികളും കഥകളും പഴഞ്ചൊല്ലുകളും മുദ്രകളും അനുഷ്ഠാനങ്ങളും മെയ്‌വഴക്കങ്ങളും സൌന്ദര്യസങ്കല്പങ്ങളും ബിംബങ്ങളും പ്രതീകങ്ങളും താളങ്ങളും ആസ്വാദനരീതികളും നിറഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ പൊതുമണ്ഡലം തന്നെയാണ് ഇടതുപക്ഷ ബോധവും പങ്കുവെയ്ക്കുന്നത്. അതിനാല്‍ വേറിട്ടവരുടെ ജീവിതാവിഷ്ക്കാരത്തിന് അവരുടെ സ്വത്വാവിഷ്ക്കാരത്തിനും സ്വത്വരാഷ്ട്രീയം അത്യന്താപേക്ഷിതമാണ്.
                         

14 comments:

  1. പിന്തുടരുന്നു

    ReplyDelete
  2. ഒരു സമുദായത്തിനുള്ളിലെ വർഗപരമായ വേർതിരിവുകൾ ഒരു യാധാർത്ഥ്യമല്ലേ? രാഷ്ട്രീയമായി സംഘടിച്ച ജാതി സംഘടനകൾ അവക്കുള്ളിലെ ഒരു പ്രമാണി വർഗറത്തിന്റെ താല്പര്യമല്ലെ സംരക്ഷിക്കുന്നത്? ദളിത് സംഘടന രാഷ്ട്രീയ അധികാരം കൈയാളുന്ന ഉത്തർപ്രദേശിൽ ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ?

    ReplyDelete
  3. വളരെ അപകടം പിടിച്ച ഒരു പോക്കാണിത്. സ്വത്വത്തെക്കുറിച്ച് ഒരുപാട് പറയുകയും വർഗ്ഗ സമരത്തെ തള്ളിപ്പരയുകയും(പരിഹസിക്കുകയും) ചെയ്യുന്ന അവസ്ഥ. ഇത്തരത്തിൽ നോക്കുമ്പോൾ സ്വത്വരാഷ്ട്രീയം അപകടം പിടിച്ചത് തന്നെ. ദളിതന്റെ പ്രശ്നം അവന്റെ മാത്രമാണ്, മറ്റ് സമൂഹം അതിൽ ഇടപെടേണ്ട എന്നു പറയുന്ന സ്വത്വ രാഷ്ട്രീയം. സർവ്വാധിപത്യത്തിനെ ഭാഷാപരമായി എതിർക്കുമ്പോൾ ആലോചിക്കുക. എന്തിനെയാണ് നാം പിന്തുണക്കുന്നതെന്ന്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം തന്നെയാണ് വേണ്ടത്. അതിനെ എതിർക്കുകയെന്നാൽ തൊഴിൽ ചെയ്യാത്തവന് ആധിപത്യം നൽകണം എന്നു പറയുന്നപോലെയാണ്. തൊഴിൽ ചെയ്യാത്ത വികലാംഗരെ എന്തു ചെയ്യും എന്നതൊക്കെ ബാലിശമായ ചോദ്യമാണ്. communism is humanism minus the ego for private property എന്ന് മാക്സ് പറഞ്ഞത് ഓർക്കുക. കമ്യൂണിസ്റ്റ് പാർട്ടി വർണ്ണ പ്രശ്നങ്ങളെ കാര്യമായി എടുക്കുന്നില്ല എന്നത് ഒരു വലിയ കുറവ് തന്നെ. എന്നാൽ സ്വത്വ സമരം കൊണ്ട് വർഗ്ഗസമരത്തെ ആദേശം ചെയ്യുന്നത് മുതലാളിത്തത്തെ ഊട്ടിയുറപ്പിക്കാൻ മാത്രമേ സഹായിക്കൂ

    ReplyDelete
  4. രഘുനാഥൻ ,ചോദ്യങ്ങൾ പോസ്റ്റുമായി ബന്ധപ്പെട്ടു വേണം.വായിച്ച്തിനും കമന്റിയതിനും നന്ദി.

    ReplyDelete
  5. ചിത്രഭാനു വന്നതിനുനന്ദി.അച്ഛ്ന്റെ മടിയിലിരുന്ന് അമ്മേടെ പാലുകുടിക്കുന്ന പോലൊരു അഭ്യാസ മാണ് കെ.ഈ.എന്നും,പോക്കറും നടത്തിയത്.വർഗ്ഗ സമര സിദ്ധാന്ത ത്തെ ഇന്ത്യനവസ്ഥയിൽ വിശകലനം നടത്തുന്നത് ആദ്യമായൊന്നുമല്ല.ക്ലാസ്സിക്കൽ മാർക്സിസത്തെ ഇന്ത്യയെ പോലെ ബഹുസ്വരവും,ജാതിവ്യവസ്ഥയിൽ അധിഷ്ഠിതവുമായ സമൂഹത്തിലേക്ക് നട്ടുവളർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ കാരണങ്ങൾ ഒരിക്കലും കണ്ടെത്താനാകാഞ്ഞതിന്റെ പിന്നിൽ എന്തായിരിക്കുമെന്നാണ് ചിത്രഭാനു കരുതുന്നത്?
    സ്വത്വ രാഷ്ട്രിയത്തിന്റെ ഭൂമിക ജനാധിപത്യത്തിന്റേതാണ്, വർഗ്ഗ രാഷ്ട്രീയം ജനാധിപത്യത്തിനു പുറത്തും.അതുകൊണ്ടുതന്നെ ജനാധിപത്യത്തിനു വേണ്ടി ചിന്തിക്കുന്നവർ,വർഗ്ഗ രാഷ്ട്രീയം കൈയൊഴിയുക തന്നേ വേണം. പിന്നെ മുതലാളിത്തം.അതിനെ ആർക്കാണീത്ര പേടി,നൂറ്റാണ്ടുകളോളം അടിമത്വവും,അസ്പ്ര്ശ്യതയും,അദൃശ്യതയുമൊക്കെ അനുഭവിച്ചു വളർന്ന സമൂഹത്തിന് ,കൊളോണിയലിസവും,മുതലാളിത്തവുമൊക്കെ ഗുണമേ ചെയ്തിട്ടുള്ളു.അതു കൊണ്ടാണ് ശ്രീ നാരായണ ഗുരു പറഞ്ഞത്’നമുക്ക് സന്യാസം തന്നത് സായിപ്പാണന്ന്.കമ്മ്യൂണിസ്റ്റു വിപ്ല്വവം മുതലാളിത്തം തൂത്തെറിയുമെന്ന്‌,ഇക്കാലത്തും വിശ്വസിക്കാനുള്ള ചിത്രഭാനുവിന്റെ അവകാശം അംഗീകരിക്കുന്നു.

    ReplyDelete
  6. വ്യക്തമായ മറുപടിക്ക് നന്ദി. മറ്റുള്ളവർ പറയ്ം പോലെ സ്വത്വ വാദവും മുതലാളിത്ത വിരുദ്ധമാണെന്ന് പറയാൻ മുതിർന്നില്ല എന്നത് അഭിനന്ദാർഹം തന്നെ. തീർച്ചയായും ഫ്യൂഡലിസത്തിൽ നിന്നുള്ള സമൂഹത്തിന്റെ വളർച്ച തന്നെയാണ് കാപ്പിറ്റലിസം. സ്വാതന്ത്ര്യം സംത്വം സാഹോദര്യം തുടങ്ങിയ മൂല്യങ്ങൽ തന്നതും കാപ്പിറ്റലിസം തന്നെ. പക്ഷെ കാപ്പിറ്റലിസത്തിന്റെ നിലനിൽ‌പ്പ് തന്നെ സമൂഹത്തിന്റ് സാമ്പത്തിക അസമത്വത്തിലാണ്. അത് കാണാതിരിക്കുന്നതെങ്ങിനെ?
    മറ്റൊന്ന്, ഇന്നത്തെ കാപ്പിറ്റലിസം ഫ്യുഡൽ വിരുദ്ധമായ ഒന്നാണെന്ന് തങ്കൾ വിശ്വസിക്കുന്നോ? ഒരേ സമയം വ്യക്തി സ്വാതന്ത്രത്തെപ്പറ്റി സംസാരിക്കുകയും ആഡ്ഡ്യത്വം നിലനിർത്തുകയും ചെയ്യുന്ന ഒരു യുവതലമുറയാണ് നമുക്കുള്ളത്. കോർപ്പറേറ്റ് ഉദ്യോഗക്കാരുടെ പേരിന്റെ കൂടെ നായർ, നമ്പൂതിരി, വാര്യർ തുടങ്ങിയ അഴുക്കുകൾ കാണുന്നത് എന്തിന്റെ ലക്ഷണമാണ്? എല്ലാ ആധുനിക സങ്കേതങ്ങളും ഉപയോഗിക്കുകയും കൂടെ അമ്പലത്തിലെ പുനരുദ്ധാരണത്തിനു (ബ്രാഹ്മ്മണോദ്ധാരണത്തിന്) കൈ നിറയെ സംഭാവന കൊടുക്കുകയും ചെയ്യുന്ന ഭക്തന്മാർ ഈ കാപ്പിറ്റലിസ്റ്റ്- ഫ്യുഡലിസ്റ്റ് വേഴ്ചയുടെ സന്തതികളാണ്. രാഷ്ട്രീയ വിപ്ലവത്തിനു ശേഷം സാമൂഹിക വിപ്ലവം നടന്നിട്ടുണ്ടല്ലോ..... സുഹ്രുത്തേ തീർച്ചയായും അത്തരമൊരു വിപ്ലവത്തിന്റെ പ്രതീക്ഷയിലാണ് ഞങ്ങൾ ജീവിക്കുന്നത്. പഴഞ്ചൻ വരട്ട് തത്വവാദികൾ എന്ന് ഞങ്ങളെ വിളിക്കാനുള്ള അവകാശം ഞാനും അംഗീകരിക്കുന്നു.

    ReplyDelete
  7. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗവിഭജനാടിസ്ഥാനത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ഇന്ത്യയില്‍ ശക്തമായ ഒരു പാര്‍ട്ടി കെട്ടിപ്പടുത്തു എന്നു കരുതുക.ആ പാര്‍ട്ടിയുടെ കര്‍ത്തൃസ്ഥാനവും നേതൃസ്ഥാനവും സമ്പൂര്‍ണമായും സവര്‍ണന്റെ കൈകളിലായിരിക്കുമെന്നു അടിവരയിട്ടു പറയാവുന്നതാണ്. കേവലം മൂന്നു സംസ്ഥാനങ്ങളില്‍ ശക്തിയുള്ളതും അധികാരത്തില്‍ ഇരിക്കുകയും ചെയ്യാറുള്ള പാര്‍ട്ടിയുടെ നാളിതുവരെയുള്ള ആന്തരിക ഘടന വിശകലനം ചെയ്യുന്നവര്‍ക്ക് ബോദ്ധ്യപ്പെടുന്ന നഗ്നസത്യമാണിത്. പാര്‍ട്ടിയുടെ അണികളെ തെഴിലാളിവര്‍ഗ്ഗമായി മാത്രം കണക്കാക്കുമ്പോഴും അവര്‍ക്കിടയിലുള്ള ജാതിപരമായ വൈരുദ്ധ്യം അധികാരത്തിന്റെയും അടിമത്തത്തിന്റെയും കീഴ്വഴക്കങ്ങള്‍ പാലിച്ചു കൊണ്ടിരിക്കുന്നത് അനുഭവമാണ്.കാരണം വര്‍ഗ്ഗപ്രത്യശാസ്ത്രം ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ആത്മാവുകള്‍ വിട്ടൊഴിയുന്നില്ല. ഇന്ത്യയുടെ സവിശേഷതയായ ജാതിയെ തമസ്ക്കരിക്കുന്നത് ബോധപൂര്‍വ്വമാണെന്നു പറയുന്നത് അങ്ങിനെ ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം അവര്‍ണനു മാത്രമായതു കൊണ്ടല്ലേ ?

    ReplyDelete
  8. വളരെ പ്രധാനപ്പെട്ട, കാലിക പ്രാധാന്യമേറിയ വിഷയം.
    ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
    എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കമ്മ്യൂണിസ്റ്റുകളെ പച്ചപ്പുല്ലിനിടയിലെ പച്ചിലപാമ്പുകളായി
    തിരിച്ചറിഞ്ഞ അംബേദ്ക്കര്‍ക്ക് നന്ദി പറയാം.
    കമ്മ്യ്യൂണിസ്റ്റ് അണികള്‍ക്കിടയില്‍ വലിയൊരുവിഭാഗം നന്മനിറഞ്ഞ
    അണികളുണ്ടെന്നത് ശരിതന്നെ. എന്നാല്‍, അതുകൊണ്ട് സവര്‍ണ്ണ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന മാ‍ടം‌മ്പി പാര്‍ട്ടിയെ ന്യായീകരിക്കാനാകില്ലല്ലോ.
    തൊഴിലാളി വര്‍ഗ്ഗം എന്ന സമൂഹ്യ വര്‍ഗ്ഗവല്‍ക്കരണം തന്നെ ആത്മഹത്യാപരമാണ്. കാരണം, ആ വര്‍ഗ്ഗത്തിന്റെ ഉടമസ്താവകാശം അതുവരെ നിലവിലുള്ള ഭരണ വര്‍ഗ്ഗത്തിനു തന്നെയാകും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താല്‍ തന്നെ അതു ബോധ്യമാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന് അരനൂറ്റാണ്ടിനു ശേഷം മാത്രമാണ്
    അധികാരം ബ്രാഹ്മണന്റേയും മാടം‌മ്പി നായനാരുടേയും കയ്യില്‍ നിന്നും അവര്‍ണ്ണ ജനതയിലേക്ക് നാമമാത്രമായെങ്കിലും ലഭിക്കുന്നത്. അതും പൊളിറ്റ് ബ്യൂറോയില്‍ സകല നായര്‍ മാടംബികളേയും അവരോധിച്ചതിനുശേഷം !
    (ബംഗാളില്‍ അത്രപോലും നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നു പറയാം.)ഒരു അവര്‍ണ്ണ സ്ത്രീ ജനമനസ്സില്‍ ഉയര്‍ന്നിരിക്കുന്നതില്‍ ചൊറിച്ചിലിളകിയ ഒരു ചെറ്റ നംബൂതിരി അവരുടെ കുടുംബം കലക്കുകയും, പാര്‍ട്ടിയില്‍ നിന്നും അവരെ പുകച്ച് പുറത്തു ചാടിക്കുകയും ചെയ്തു !!!

    സ്വത്വബോധമോ അല്ലെങ്കില്‍ സ്വന്തം തന്തയോ ഇല്ലാത്ത
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമൂഹത്തിന് ആപത്തുതന്നെയാണ്.
    താടിക്കാരന്‍ സായിപ്പന്മാരെ തന്തയുടെ സ്ഥാനത്തു പ്രതിഷ്ടിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏതോ തെണ്ടികളായ വെള്ളക്കാരായ ആര്യന്മാരാണ് തങ്ങളുടെ തന്തമാരെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യന്‍ സവര്‍ണ്ണതയും
    ചന്തം പോരാത്ത സ്വന്തം തന്തയെ തള്ളിപ്പറയുന്ന സാമൂഹ്യ ചൂഷക വര്‍ഗ്ഗമണെന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.
    സംസ്ക്കാരമോ മനുഷ്യത്വമോ വികസിച്ചിട്ടില്ലാത്ത പ്രത്യയശാസ്ത്രങ്ങളാണ് അവരെ നയിക്കുന്നത്.


    സ്വത്വബോധവും, സ്വത്വ രാഷ്ട്രീയവും എല്ലാ മനുഷ്യരിലും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട തനതായ രാഷ്ട്രീയ ബോധവും,തിരിച്ചറിവുമാണ്. അതിന്റെ ശുദ്ധിയും സത്യസന്ധതയുമാണ് ഒരു സമൂഹത്തെ മാനവിക തലങ്ങളിലേക്ക്
    ഉയര്‍ത്തുന്നത്. തെറ്റായ സ്വത്വ ബോധവും, സ്വത്വ രാഷ്ട്രീയവുമാണ് മുസ്ലീം തീവ്രവാദികളിലും,ഹിന്ദു സവര്‍ണ്ണരിലും,
    കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലും,സവര്‍ണ്ണ കൃസ്ത്യാനികളിലും കാണപ്പെടുന്നത്.
    അതുകൊണ്ടുതന്നെ സ്വത്വ ബോധത്തേയും സ്വത്വ രാഷ്ട്രീയത്തേയും
    ഹൈജാക്കുചെയ്യുന്ന മത-ജാതി വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും, അധസ്ഥിതരെ സഹായിക്കാനെന്ന വ്യാജേന നുഴഞ്ഞുകയറുന്ന
    സവര്‍ണ്ണതയുടെ തൊഴിലാളി വ്യാജസ്നേഹത്തിന്റെ പതിപ്പായ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളേയും അവരുടെ സത്യസന്ധമായ മുഖം ദര്‍ശിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നവിധം തുറന്നെഴുതി ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.... കാരണം, അവരും നമ്മുടെ സഹോദരങ്ങളാണല്ലോ !!!!!

    ReplyDelete
  9. ചിത്രഭാനു,
    ഇന്നത്തെ കാപ്പിറ്റലിസം ഫ്യുഡൽ വിരുദ്ധമായ ഒന്നാണെന്ന് തങ്കൾ വിശ്വസിക്കുന്നോ? ഒരേ സമയം വ്യക്തി സ്വാതന്ത്രത്തെപ്പറ്റി സംസാരിക്കുകയും ആഡ്ഡ്യത്വം നിലനിർത്തുകയും ചെയ്യുന്ന ഒരു യുവതലമുറയാണ് നമുക്കുള്ളത്.
    ഞാനുന്നയിക്കാത്ത കാര്യങ്ങൾക്കു മറുപടിയില്ല.
    വിപ്ലവത്തിനു ശേഷം സാമൂഹിക വിപ്ലവം നടന്നിട്ടുണ്ടല്ലോ..... സുഹ്രുത്തേ തീർച്ചയായും അത്തരമൊരു വിപ്ലവത്തിന്റെ പ്രതീക്ഷയിലാണ് ഞങ്ങൾ ജീവിക്കുന്നത്.
    സുഹൃത്തെ ,ഏതു രാഷ്ട്രീയ വിപ്ലവത്തെ പറ്റിയും,സാമൂഹ്യ വിപ്ലവത്തേ പറ്റിയുമാ പറയുന്നത്.കൂടുതൽ വ്യക്തമാക്കാമോ..?
    പോസ്റ്റ് ഒന്നു കൂടി വായിക്കുവാൻ ക്ഷമകാണിക്കണം.

    ReplyDelete
  10. നിസഹായനും ചിത്രകാരനും വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിൽ നന്ദിയുണ്ട്.

    ReplyDelete
  11. സ്വത്വരാഷ്ട്രീയം
    ഞങ്ങള്‍ അംഗ്ഗീകരിക്കുന്നില്ലായെന്ന്
    ഉറക്കെപ്പറയാന്‍ CPMന് ഇന്നത്തെ നിലക്ക് ത്രാണിയില്ലാ..

    ദളിതര്‍,മുസ്ലിമുകള്‍, സ്ത്രീകള്‍
    എന്നിവര്‍ വരും കാലങ്ങളില്‍ ഉണ്ടാക്കാവുന്ന മുന്നേറ്റങ്ങള്‍
    കാണാതിരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമൊ...

    ReplyDelete
  12. "പിന്നെ മുതലാളിത്തം.അതിനെ ആർക്കാണീത്ര പേടി,നൂറ്റാണ്ടുകളോളം അടിമത്വവും,അസ്പ്ര്ശ്യതയും,അദൃശ്യതയുമൊക്കെ അനുഭവിച്ചു വളർന്ന സമൂഹത്തിന് ,കൊളോണിയലിസവും,മുതലാളിത്തവുമൊക്കെ ഗുണമേ ചെയ്തിട്ടുള്ളു."--------------- ഇതിനാണ് ഞാൻ മറുപടി പറഞ്ഞത്. മുതലാളിത്തം അതിന്റെ പ്രാരംഭ വികാസ ദിശയിൽ ഫ്യൂഡൽ വിരുദ്ധമായിരുന്നെങ്കിലും ഇന്ന് സ്ഥിതി മറിച്ചാണ് എന്നാണ് ഉദ്ദേശിച്ചത്. മറുപടി ശഠിക്കുന്നില്ല. സ്വത്വരാഷ്ട്രീയത്തെ സി പി എമ്മിനെ പോലെ താറടിച്ച് കാണിക്കാനല്ല എന്റെ ശ്രമം എന്ന് താങ്കൾ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ദളിത് പ്രശ്നവും ഞാൻ വർഗ്ഗപ്രശ്നമായി കാണുന്നു. സാമൂഹിക വിപ്ലവം എന്നത് ഒരു മാർക്സിസ്റ്റ് വീക്ഷണം തന്നെയാണ്. ചൈനയിൽ നടന്ന സാംസ്കാരിക വിപ്ലവം ഉദാഹരണം.

    ReplyDelete
  13. മനോഹർ മാണിക്കത്ത് ,
    വന്നതിലും,കമന്റിയതിലും നന്ദിയുണ്ട്.
    നിലവിൽ cpm-ന് അടവുപരമായെങ്കിലും ചില

    നിലപാടുകൾ എടുക്കാതിരിക്കാനാവില്ല.
    അതുകൊണ്ടാണ് ദേശീയ തലത്തിൽ ആദിവാസി

    സംഘടനയുണ്ടാക്കുന്നത്.അതിന്റെ കാരണം അവർ

    വ്യക്തമാക്കുന്നില്ലങ്കിലും.
    അതായത്,ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർട്ടി പാർലമെന്റ്

    ജനാധിപത്യം സ്വീകരിക്കുന്ന കാലം മുതൽ ഇന്നുവരെയുള്ള

    പ്രാധിനിത്യം പരിശോധിച്ചാൽ മതി.എന്നാൽ എ

    ൺപതുകൾക്കു ശേഷം വന്ന പ്രസ്ഥാനങ്ങളുടെ

    കഥയെന്താണ്..? രണ്ടു സംസ്ഥാനങ്ങളിൽ

    ഭരണകക്ഷിയായന്ന് മാത്രം .അതുതന്നെ എത്രകാലമെന്ന്

    ആർക്കറിയാം.ഇവിടെ നിർണ്ണായകമായൊരു രാഷ്ട്രീയ

    വിഷയം രൂപപ്പെടുന്നുണ്ട്.അത്

    ദേശീയതയുടേയും,ഉപദേശീയതയുടേയും

    വിഷയമാണ്.സാമൂഹ്യ ജനാധിപത്യവും,പ്രാധിനിത്യ

    ജനാധിപത്യത്തിന്റേയും രാഷ്ട്രീയം ഉന്നയിച്ചുകൊണ്ട്

    ദലിത്-പിന്നോക്ക ബഹുജനസമൂഹങ്ങൾ ,ദേശീയ

    പ്രസ്ഥാനത്തേയും,കമ്മ്യൂണിസ്റ്റു

    പ്രസ്ഥാനത്തേയും,അതോടോപ്പം തീവ്ര ഹൈന്ദവ

    പ്രസ്ഥാനത്തേയും മൂടോടെ നിരാകരിക്കുന്ന പ്രവണത

    ശക്തിപ്പെടുന്നു.കാരണം ഈ മൂന്നു പ്രസ്ഥാനങ്ങളും

    ഒരുപോലെ ,സവർണ്ണ ഹൈന്ദവതയും,കുത്തക

    മുതലാളിത്തവും,ആഗോള ധന മൂലധനത്തിന്റേയും

    പ്രയോക്താക്കളാണന്ന് ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
    ഇതിനെതിരെയുള്ള ചെറുത്തു നില്പുകൾ ,വിവിധ

    സംസ്ഥാനങ്ങളിൽ ,വിവിധ രൂപത്തിൽ നടക്കുന്നു.
    കേരളത്തിൽ തന്നെ കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ

    കമ്മ്യൂണിസ്റ്റുകൾ നടത്തിയ സമരങ്ങളുടെ കണക്കെടുത്തു

    നോക്കിയാൽ ചില വസ്തുതകൾ ബോധ്യപ്പെടും.
    എന്നാൽ ഇക്കാലമത്രയും നടന്ന ചലനങ്ങൾ ,നവ

    സാമൂഹ്യ-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുൻ കൈയ്യിൽ

    തന്നെയാണ്.(ഇതിനെതിരെ സി.പി.എം.സമരപന്തൽ

    കെട്ടിയിട്ടുണ്ട്).
    മണ്ഡൽ കമ്മീഷനും,സച്ചാർ കമ്മറ്റിയും,വനിതാ സംവരണ

    ബില്ലും ഈ ദേശീയ കക്ഷികളെ

    പ്രതിസ്ന്ധിയിലാക്കിയിട്ടുണ്ട്.ഇതുമറികടക്കാനുള്ള

    സൈദ്ധാന്തികതയൊന്നും മാർക്സിസത്തിലില്ല.
    പിന്നെ ഇവർക്കു പറയാവുന്നതിത്രമാത്രം’‘നിങ്ങൾക്കൊക്കെ

    ചിലപ്രശ്നങ്ങളുണ്ടന്ന് ഞങ്ങൾക്കറിയാം.അതു ഞങ്ങൾ

    പരിഹരിച്ചോളാം.പക്ഷേ അതിനു വേണ്ടി നിങ്ങൾ

    ഒരുങ്ങിയാൽ ,നിങ്ങളെ ഞങ്ങൾക്ക് ഒതുക്കേണ്ടി വരും’‘.

    ReplyDelete
  14. ചിത്രഭാനുവിനോട് ,മേൽ കൊടുത്ത കമന്റു തന്നെയാണ്

    പ്രധാനം.ചൈനയിൽ നടന്ന സാംസ്കാരിക വിപ്ലത്തെ

    പറ്റി രണ്ടു വാക്കു

    പറയണമെന്നുണ്ട്.ഫ്യൂഡലിസത്തിന്റേയും,വംശീയതയുടേ

    യും തീവ്രാനുഭവമുള്ള ചൈനയിൽ,കാർഷിക

    വിപ്ലവം(സായുധ-ഗറില്ലാ)നടന്നു കഴിഞ്ഞപ്പോൾ

    ഭരണകൂടത്തിന്റെ വർഗ്ഗ നിലപാട്

    വിഷയമാവുകയുണ്ടായി.പാർട്ടിതന്നെ ഏകക്ഷി

    സ്വേഛധിപത്യത്തിലേക്കു

    നീങ്ങിയപ്പോഴാണ്,അധികാരകേന്ദ്രങ്ങളിലേക്കു

    ബോംബെറിയുക എന്ന ആഹ്വാനവുമായി ചെയർമാൻ

    മാവോ സാംസ്കാരിക വിപ്ലവത്തെ പുറത്തു

    വിടുന്നത്.സത്യത്തിലിത് ലനിനിസത്തിന്റെ

    നിരാകരണമാണ്.(ബട്ടർ ലൂചി-ലാസ്റ്റ് എബ്രറർ എന്ന

    സിനിമയിൽ വിഷയമാക്കുന്നുണ്ട്).സോവിയറ്റ് സാമ്പത്തിക

    ശാസ്ത്രത്തിന്റെ വിമർശനകുറിപ്പുകൾ എന്ന പുസ്തകം

    മാവോ എഴുതുന്നതുതന്നെ മാറിയ രാഷ്ട്രീയ

    കാലാവസ്ഥയുടെ പ്രതിഫലനം എന്ന നിലക്കാണ്.
    ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഇതൊന്നും

    വിഷയമേയായിരുന്നില്ല.നക്സലേറ്റുകളിൽ ഒരു വിഭാഗം

    മാത്രമാണ് ചർച്ച ചെയ്തതു പോലും.എന്തുകൊണ്ടാണിതു

    സംഭവിച്ചതന്നറിയുംപ്പോളാണ് ,ഇന്ത്യയുടെ

    സവിശേഷതയായ ജാതിവ്യവസ്ഥയും,ദേശീയതയും

    സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും

    വിഷയമാക്കാതിരുന്ന ,ബ്രാഹ്മണിക് തലത്തിൽ മാ

    ർക്സിസ്സത്തെ നട്ടുനനച്ച് വളർത്താനുള്ള ഗൂഡാലോചന

    വ്യക്തമാവുന്നത്.
    മുന്നണി-വോട്ടു സമ്പ്രദായത്തിലേക്ക് മാറുമ്പോൾ പോലും

    ദലിതന്റെ വോട്ടിനു വിലപറയേണ്ടതില്ല എന്നു

    തീരുമാനിക്കുന്ന നേതൃത്വത്തേയാണ്

    അംബേദ്ക്കറൈറ്റുകൾക്കു നേരിടാനുള്ളത്.
    കമന്റിലൂടെ വിഷയം പൊലിപ്പിക്കാനുള്ള

    സാഹചര്യമുണ്ടാക്കിയതിൽ ചിത്രഭാനുവിനോട് നന്ദിയുണ്ട്.

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.