Monday, 14 June 2010

അഥവാ ആത്മാവുമായി ഒരഭിമുഖം

  പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലർത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാർത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്.തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.
1.മറ്റാർക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടിൽ നാട്ടിലെ ദലിതുകൾക്കും കൊടുക്കാറ്.YES/NO.
2.അപ്പൂപ്പൻ,അമ്മൂമ്മ,അങ്കിൾ,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങൾ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്.  YES/NO.
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? yes/no.
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കുവാൻ ഞാൻ മടിക്കുന്നുണ്ടോ?  yes/no.
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങൾക്കും കുടുംബവുമൊത്താണോ ഞാൻ പോകാറ് ? yes/no.
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് ? yes/no.
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകൾ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ?  yes/no.
8.ബോധവൽക്കരണമെന്ന നിലക്ക് വീട്ടിൽ ജാതി ഒരു ചർച്ചാവിഷയമാക്കാൻ എനിക്കു കഴിയുന്നുണ്ടോ? yes/no.
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉൽ‌പ്പന്നമെന്നനിലയിൽ ജാതിവ്യവസ്ഥയെ ദുർബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാൻ നടത്തുന്നുണ്ടോ ? yes/no.
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കൾക്കുനൽകുവാൻ എനിക്കു കഴിയുമോ ? yes/no.
11.എന്റെ സൌഹൃദങ്ങൾക്ക് സമുദായം  മാനദണ്ഡമാകുന്നുണ്ടോ  ? yes/no.
12.സ്വന്തം സമുദായക്കാർ മാത്രമോ,സമാന ജാതികളിൽ പെടുന്നവർ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൈഹൃദവലയം? yes/no
13.ചുറ്റുവട്ടത്തെ ദലിതുകൾ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീൽ അംഗങ്ങളായുണ്ടോ?yes/no.
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളിൽ ദലിതുകൾ ഉൾപ്പെടുന്നുണ്ടോ ? yes/no.
15.ജാതിനോക്കി ഞാൻ വോട്ടു ചെയ്തിട്ടുണ്ടോ? yes/no.
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാൽ ആ പ്രവണതയെ ഞാൻ എതിർക്കുന്നുണ്ടോ?yes/no.
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കുമോ? yes/no.
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ,സ്വീകരിക്കുമോ ?yes/no.
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി ഉയർന്ന ജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ സ്വീകരിക്കുമോ ? yes/no.
20.പ്രേമിക്കുന്ന  വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
21.കാമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയിൽ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? yes/no.
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ?yes/no.
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാൻ എനിക്കു സാധിക്കുമോ ? yes/no.
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ?yes/no.
                താങ്കൾ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളിൽ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം  പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ‘’ഓക്സിജനും ഹൈഡ്രജനും ‘’പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛൻ കട്ടിൽകീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങൾക്കുനേരേ കണ്ണുതുറന്നുപിടിക്കുവാൻ നമ്മൾ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങൾ  പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകൾ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീൽ നിലനിൽക്കുന്ന ചായക്കടകളിലെ ഡബിൾ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങൾ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടിൽ ഹോട്ടൽ തുറന്നു ജീവിക്കുവാൻ ഒരു ദലിതൻ എന്തുകൊണ്ട് കേരളത്തിൽ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കൽ തന്നെയാണ്.( c.s.rajesh)

4 comments:

  1. ചോദ്യങ്ങള്‍ ഉള്ളിലേക്ക് തുളഞ്ഞിറങ്ങുന്നുണ്ട്. ഒന്നു മുതല്‍ പത്ത് വരെയെങ്കിലും ‘നൊ’ എന്ന് പറയേണ്ടി വരുന്ന ദുസ്ഥിതിയായിരിക്കൂം ഭൂരിപക്ഷത്തിനും.വിവേചനം ഒരു കൊടും യാഥാര്‍ത്യമായി തന്നെ നിലനില്‍ക്കുകയാണ്.

    ReplyDelete
  2. തന്റെ മകള്‍ ഒരു മുസ്ലീം ചെറുപ്പക്കാരനോട് പോയത് പുകിലാക്കിയ ഒരു കാസര്‍കോട്കാരന്‍ സഖാവ് ഉണ്ടായിരുന്നല്ലോ ? ആരാജോക്കറേ പേരുമറന്നു...

    ReplyDelete
  3. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്‌.ഹോ ചോദ്യങ്ങള്‍ ഉള്ളു പൊള്ളിക്കുന്നു.

    ReplyDelete
  4. അപരിഷ്കാരിയായ ഒരു സൗദി എന്നെ " ഹിന്ദി തഅബാന്‍" എന്ന് പറഞ്ഞു പരിഹസിക്കുമ്പോള്‍ സകല ഞരമ്പും വലിഞ്ഞു മുറുകി മാനവിക സമത്വത്തെ കുറിച്ച ഉറക്കെ ചിന്തികാറുള്ള എന്റെ ധാര്‍മികബോധത്തിലെ കാപട്യം ഞാന്‍ തിരിച്ചറിയുന്നു...

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.