Saturday, 17 April 2010

അരളി-AMBEDKAR READERS LINK

ആകാശത്തെ അംബേദ്ക്കർ എന്ന് വിളിക്കാമോ എന്നറിയില്ല.എന്നാൽ അംബേദ്ക്കറെ നിശ്ചയമായും ആകാശമെന്നു വിളിക്കാം.മതിലുകളോ,മുരിപ്പുകളോ,യുദ്ധപ്പുകയോ ഇല്ലാത്ത മാനവീകതയുടെ നീലിമ.Lividity of humanity.
      ഒരു ഇന്ത്യാക്കാരന്റെ വായന പൂർണ്ണമാകുന്നത് ,അയാൾ അംബേദ്ക്കറെകൂടി വായിക്കുമ്പോൾ മാത്രമാണ്.കാരണം ഭൂമിയിലെ ഏറ്റവും നികൃഷ്ടവും ,സങ്കീർണ്ണവുമായ ആന്തരീക ഘടന തന്ത്രപരമായി നിലനിർത്തപ്പെടുന്ന ഒരു ദേശരാഷ്ട്രത്തിന്റെ X-ray ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.ആകാശത്തുനിന്ന് നോക്കിയിട്ടെന്നപോലെ വസ്തുനിഷ്ഠമായി ഈ രാജ്യത്തെ വിശദീകരിച്ചിട്ടുള്ളത് മറ്റാരാണ്.? ഒരു നാടിന്റെ അടിമുടി രോഗാതുരമായ സാമൂഹ്യശരീരത്തെയും,കീടാണുക്കളാൽ സമ്പന്നമായ അതിന്റെ ആത്മാവിനേയും നഗ്നമാക്കുന്നു...ആ വാക്കുകൾ. നാലായിരം വർഷങ്ങളുടെ ചരിത്രദൂരത്തോളം വേരാഴ്ത്തിയിട്ടുള്ള ജാതിയുടെ മാമരങ്ങൾ ഇടതിങ്ങുന്ന ഒരു വിഷകാടിന്റെ ജീവശാസ്ത്രവും,രീതിശാസ്ത്രവും അംബേദ്ക്കറെ വായിക്കുമ്പോഴേ ബോധ്യമാകൂ.
       മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽ‌പ്പന്നമെന്നും,മനസ്സിന്റെ വികൃതരോഗമെന്നും,യുക്തിരഹിതമായ അശാസ്ത്രീയത എന്നും മറ്റും ഇക്കിളിപ്പെടുത്തി കേവലവൽക്കരിക്കുന്നതിലൂടെ,ലളിതമായി കൊഴിഞ്ഞുപോകുന്ന ഉപരിപ്ലവതയല്ല ഹീനമായ ആ സാമൂഹ്യ യാഥാർത്ഥ്യവും ,അതുപകരുന്ന ഉൾമുറിവുകളും.സ്ഥൂലരൂപങ്ങളിലും സൂക്ഷമരൂപങ്ങളിലുമായി,നിർബാധം പ്രവർത്തിച്ചു തഴ്ക്കുന്ന ജാതിവ്യവസ്ഥയെന്ന മനുഷ്യ-പ്രകൃതി-ശാസ്ത്രവിരുദ്ധതയെ പ്രതിരോധിച്ചു തകർക്കുവാനുള്ള കൃയാത്മക പദ്ധതികൾ അടങ്ങുന്നതുകൊണ്ടാണ് അംബേദ്ക്കർ ചിന്തകൾ  ഇന്ന വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതും,അംഗീകരിക്കപ്പെടുന്നതും.ജനാധിപത്യം,മതേതരത്വം,പുരോഗമനം,
സാംസ്കാരികം,വിപ്ലവം,അതിവിപ്ലവം തുടങ്ങി ഇന്ന് കൊണ്ടാറ്റപ്പെടുന്ന ഇടങ്ങളെല്ലാം ജാതിപ്രയോഗങ്ങളുടെ ഒളിയിടങ്ങളായി അധപതിച്ച് ,അർത്ഥംചൊട്ടിപോയിരിക്കുന്ന ഒരു കൂട്ടുകുറ്റകൃത്യകാലത്ത് അംബേദ്ക്കർ ചിന്തകൾ കൂടുതൽ പ്രസ്ക്തവും ,പ്രകാശവുമാകുന്നതാണ് കാഴ്ച.
            ഇന്ത്യയുടെ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരമായി’ജാതി നിർമൂലനത്തിലധിഷ്ഠിതമായ സാമൂഹ്യ ജനാധിപത്യം’അംബേദ്ക്കർ മുന്നോട്ടുവെക്കുന്നു.മിശ്രവിവാഹമെന്ന സംസ്കാരം അദ്ദേഹം ആഹ്വാനം ചെയ്യുന്നു.സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം(equality,liberty,fraternity)എന്ന ഫ്രഞ്ചുവിപ്ലവ മുദ്രാവാക്യം സമഗ്രതയുടെ പേരിൽ അദ്ദേഹം ഏറ്റെടുത്തു മുഴക്കുന്നു.അങ്ങനെ മാനവീകതയുടെ യഥാർത്ഥ പാട്ടുകാരനായി അദ്ദേഹം മുമ്പേ നടക്കുന്നു.
    സംവാദവും,സൌഹൃതവും ചേര്‍ത്തു തുന്നുന്ന പാരസ്പര്യത്തിന്റെ തോരണത്താല്‍ മുഖരിതമാവട്ടെ ഈ’ബ്ലോഗ്’. താങ്കള്‍ യഥാര്‍ത്ഥ ജനാധിപത്യവാദിയാണങ്കില്‍, ഈ സുതാര്യ ഉദ്യമത്തോട് ഐക്യദാര്‍ഢ്യപ്പെടുക എന്നത്  തങ്കളുടെ ഉത്തരവാദിത്തം തന്നെയാണ്.

2 comments:

  1. അങ്ങനെ മാനവീകതയുടെ യഥാർത്ഥ പാട്ടുകാരനായി അദ്ദേഹം മുമ്പേ നടക്കുന്നു.

    ReplyDelete
  2. അംബേദ്ക്കറെ വായിക്കുവാനും പഠിക്കാനുമുള്ള വിലയേറിയ ഈ ഉദ്യമത്തോട് ഹൃദയംഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊള്ളുന്നു.
    അംബേദ്ക്കര്‍ ദളിതരുടെ മാത്രം വിമോചകനല്ല. ബ്രാഹ്മണകിരാതത്വത്തിന്റെ കീഴില്‍ നട്ടെല്ലൊടിഞ്ഞു പോയ അവര്‍ണരും ദലിതരുമുള്‍പ്പടുന്ന എണ്‍പത്തഞ്ചു ശതമാനത്തോളം വരുന്ന ജനതയുടെ വിമോചനത്തിനുള്ള സര്‍വ്വായുധവും അംബേദ്ക്കറില്‍ നിന്നല്ലാതെ മാര്‍ക്സിസത്തില്‍ നിന്നോ ഗാന്ധിസത്തില്‍ നിന്നോ ലഭിക്കില്ലെന്നത് മനസ്സിലാക്കാത്തിടത്തോളം വിമോചനം മരീചികയായി തുടരും.
    ഈ പഠന സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളട്ടെ !

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.