Showing posts with label സംവാദം. Show all posts
Showing posts with label സംവാദം. Show all posts

Thursday, 10 November 2011

അരളി-നിലപാടുകൾ.

ARELI -  A socio democratic forum for Nature, Litterateur, Art and Culture and Human Rights

ആമുഖം :-
                    ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ കൂടാതെ, രാജ്യത്തെ പരമാവധി വ്യക്തികളില്‍ അംബേദ്ക്കര്‍ അവബോധം വളര്‍ത്തുന്നതിലൂടെ ജാതിനിര്‍മ്മൂലനത്തില്‍ (Annihilation of caste) അധിഷ്ഠിതമായതും, ഉന്നത മാനവ മൂല്യങ്ങളാല്‍ ദൃഡപ്പെടുന്നതും, സമത്വ-സ്വാതന്ത്ര്യ-സാഹോദര ബോധത്താല്‍ ബഹുസ്വരവുമായി തീരുന്ന ഒരു സാമൂഹ്യ-ജനാധിപത്യ വ്യവസ്ഥിതി സാദ്ധ്യമാക്കുന്നതിന് സഹായകമാകും വിധത്തിലുള്ള സര്‍ഗാത്മക-രാഷ്ട്രീയ ഇടപെടലുകളിലൂടെ, കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ പാര്‍ശ്വവത്കൃത ജനവിഭാഗത്തിന്റെ  ചുവടും-താളവും-സ്വരവും-ചായവുമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് അരളി രൂപം കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ചരിത്രകാരന്മാരുടെ കണ്ണും വെട്ടത്ത് ഒരു നിഴലനക്കമായ് പോലും ഇടം ലഭിക്കാതെ പോയ കീഴാള ജനതയുടെ ചരിത്രപ്രവേശനത്തിനും, ആത്മപ്രകാശനത്തിനുമായി നിരന്തരമദ്ധ്വനിക്കുന്ന ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്‍, രാഷ്ട്രിയ-സാമൂഹ്യ-സംഘടനാ സ്ഥാപകര്‍, ഗായകര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ മഹത് വ്യക്തികളേയും സുമനസ്സുകളേയും എല്ലാ നവജനാധിപത്യ പ്രസ്ഥാനങ്ങളേയും അരളി അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. Ambedkar Readers Link എന്ന വേരിന്റെ ചുരുക്കെഴുത്താണ് 'അരളി’(Areli) വിവിധ ജാതിമത രാഷ്ട്രീയക്കാരും, ദരിദ്ര-ദലിത-ന്യൂനപക്ഷ-സ്ത്രീ-പരിസ്ഥിതി-മനുഷ്യാവകാശ-ബഹുസ്വര രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും, അംബേദ്ക്കര്‍ എന്ന പ്രത്യശാസ്ത്രകാരനെ ആദരവോടെ നോക്കി കാണുന്നവരുമായ കേരളത്തിലെ ഒരുപറ്റം കവികള്‍, കഥാകാരന്മാര്‍, ശില്പികള്‍, ചിത്രകാരന്മാര്‍, ചലചിത്ര-നടകപ്രവര്‍ത്തകര്‍ , ഗായകര്‍, മറ്റുകലാകാരന്മാര്‍, സഹൃദയര്‍, മിശ്രവിവാഹിതര്‍, പരിസ്ഥിതി - സ്ത്രീ പ്രവർത്തകര്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ ഗൌരവമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍, എന്നിവര്‍ സമ്മേളിക്കുന്ന ഒരു ‘നാടന്‍ കൂട്ടുകെട്ടാ’ണിത്.

    
                   ഫ്യൂഡല്‍ വരേണ്യതയുടെ മലീമസ അന്തര്‍വാഹിനികള്‍ക്ക് നിര്‍ബാധം വിഹരിക്കുവാന്‍ പാകത്തില്‍ അടിത്തട്ടാകെ രഹസ്യചാലുകള്‍ തീര്‍ത്തിട്ടുള്ള ചതിത്തറകളായി മാറിയിട്ടുണ്ട് ഇന്ന് ജനാധിപത്യ-മതേതര-സാംസ്കാരിക ഇടങ്ങള്‍. ഒരുപക്ഷേ ഭാഷയിലെ തന്നെ പ്രധാന വ്യാജവാക്കുകളാണിവ. ജനാധിപത്യവാദി, മതേതരവാദി, സാംസ്കാരികനായകര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഇവിടെ ചിലരെല്ലാം അന്യോന്യം അണിയിച്ചു രസിക്കുന്ന (രാജകൊട്ടാരങ്ങളില്‍ നിന്നും ആരംഭിച്ചതും, ബ്രാഹ്മണക് നൂലിഴകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, പുതിയ കാലത്ത് കാമ്പും കഴമ്പും തീരെയില്ലാത്തതിനാല്‍ തള്ളിപ്പറയേണ്ടുന്നതുമായ) പൊന്നാടകള്‍ മാത്രമാണ്  യഥാര്‍ത്ഥത്തില്‍. ജനാധിപത്യം എന്നപേരില്‍ അരങ്ങേറുന്നത് നഗ്നമായ ജാതിയാധിപത്യം തന്നെയാണ്. ഇലക്ഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പ് എന്നല്ലെന്നും, നാട്ടിലെ പ്രബല സമുദായങ്ങള്‍ ഏതൊക്കെയാണോ, അവ തമ്മിലുള്ള ബലാബലം എന്നതാണന്നും അനുഭവത്തിലൂടെ ആര്‍ക്കും ബോധ്യപ്പെടുന്നു. സംവരണം തുടരുന്നതിനാല്‍ തുച്ഛമായ പരിഗണനയെങ്കിലും ദലിതുകൾക്ക് ലഭിച്ചുവരുന്നു. (റിസര്‍വേഷന്‍ ഇല്ലാത്ത രാജ്യസഭയെ നിരീക്ഷിച്ചാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹൃദയമെന്തെന്ന് പിടികിട്ടിയേക്കാം). അനേകമായുള്ള മറ്റു ചെറുജാതികളെ സംബന്ധിച്ച് മേലില്‍ ഒരു പാല്‍ സൊസൈറ്റി അംഗത്വം പോലും സ്വപ്നം കാണാന്‍ കഴിയാത്തവിധം കാടുപിടിച്ചിട്ടുണ്ട്, ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും തുറന്ന ഇടമായ ഇന്ത്യന്‍ ജനാധിപത്യ രംഗം ഇന്ന്.

                   പലപ്പോഴും സാംസ്കാരിക നായകര്‍ എന്ന വിശേഷണത്തോടെ ചില മതേതരവാദികളെ മുന്നില്‍ നിര്‍ത്തിയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ‘പ്രബല സമുദായ പ്രീണന അജണ്ട’ തന്ത്രപരമായി നടപ്പിലാക്കുന്നത്. ഒരു സെക്യുലറിസ്റ്റ് ആവുക എന്നത്, ഇന്ന് വളരെ ലളിതമായ ഏര്‍പ്പാടായി മാറിയിട്ടുണ്ട്. മക്കള്‍ക്ക് ദൈവത്തിന്റെ പേരൊഴിവാക്കി പകരം  പൂവിന്റേയോ മറ്റൊ പേരിടുന്നതുപോലെയുള്ള കൊച്ചുകാര്യങ്ങളിലൂടെ ഒരാള്‍ മതേതരവാദി എന്ന ബഹുമതിക്ക് അര്‍ഹതപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വകാര്യമായി അദ്ദേഹം പുലര്‍ത്തുന്ന ജാതി ജീവിതത്തിന്റെ കാര്യത്തില്‍ എല്ലാവരും കണ്ണടക്കുകയും ചെയ്യുന്നു. ആഘോഷിക്കപ്പെടുന്ന ഒരു മതേതരവാദിയുടെ സ്വന്തം വിവാഹവും, മക്കളുടെ വിവാഹവും, സ്വന്തം ജാതിയില്‍ നിന്നാകുന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. കാരണം ഇന്ത്യയില്‍ മതമല്ല, ജാതി തന്നെയാണ് പ്രധാനപ്രശ്നം. കേവലം ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമായി അതൊതുങ്ങി നില്‍ക്കുന്നില്ല. ജാതിഹിന്ദുക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന സ്ഥൂലവും, സൂക്ഷമ്‌വുമായ തിക്താനുഭവങ്ങള്‍ ഏതാണ്ട് അതേപടി തന്നെ മറ്റ് മതസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്നുണ്ട് കീഴാളജനതയ്ക്ക്. ഹിന്ദുമതക്കാര്‍ എന്നനിലക്ക് മൊത്തത്തിൽ നോക്കികാണുകയല്ല ഇതര മതസ്ഥര്‍ ചെയ്യുന്നത്. ഒരോ ജാതിയോടും ഓരോ സമീപനം തന്നെയാണ് അവരിൽ ബഹുഭൂരിപക്ഷവും പുലര്‍ത്തിപോരുന്നത്. ആ മതങ്ങള്‍ക്കുള്ളില്‍ നിന്നാകട്ടെ ദലിത് ജീവിതാസ്വസ്ഥതകള്‍ മറനീക്കി പുറത്തുവരുകയും ചെയ്യുന്നു. അപ്പോള്‍, മതേതരവാദി'യെന്ന 'കള്ളക്കൊത്ത് ' അവസാനിപ്പിച്ച് ഒരു ജാതിയേതരവാദിയായി ജീവിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. മതേതരത്വം എന്ന വാക്കിന്റെ സ്ഥാനത്ത് 'ജാതിയേതരത്വം' എന്ന ഗൌരവ വാക്കാണ് സ്ഥാപിക്കപ്പെടേണ്ടത്. അതായത് എല്ലാത്തരം ജാതി സങ്കുചിത ചിന്തകള്‍ക്കും, പരിലാളനകള്‍ക്കും പുറത്തുകടന്ന വ്യക്തിയായി പരിണമിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷട്രീയത്തിലെ മത-ജാതി ഏറ്റക്കുറച്ചലുകളുടെ സ്ഥിതിവിവര കണക്കുകള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന രീതിയാണ് കൂടുതല്‍ ശരി എന്ന് അരളി വിലയിരുത്തുന്നു.

                    വിവാഹം പോലെയുള്ള അതിസൂക്ഷമ് കാര്യങ്ങളിലൂടെ സമൂഹത്തില്‍ ജാതി നിലനിര്‍ത്തുന്നതില്‍ വര്‍ഗ്ഗീയവാദികള്‍ക്കുള്ള പങ്ക് തന്നെയാണ്, പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗവാദികള്‍ക്കും, ഒപ്പം ജാതിവിരുദ്ധര്‍ എന്നവകാശപ്പെടുകയും, സ്വന്തം ഉപജാതിയില്‍ നിന്ന് തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരുവിഭാഗം അംബേദ്ക്കറൈറ്റുകള്‍ക്കുമുള്ളത് എന്ന് അരളി മനസ്സിലാക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം അതിന്റെ  നിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രധാന വഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു. മാത്രമല്ല ഒരു മിശ്രവിവാഹത്തിലൂടെ തന്റെ കാഴ്ചപ്പാടിനോട് സ്വന്തം ജീവിതം കൊണ്ട് നീതിപുലര്‍ത്തുന്ന കാര്യത്തിലും അദ്ദേഹം വിജയിക്കുന്നു. അപ്പോള്‍ വര്‍ഗ്ഗസിദ്ധാന്തത്തെ കയ്യൊഴിഞ്ഞുള്ള കമ്മ്യൂണിസ്റ്റുകാരുടെ ജാതിവിവാഹങ്ങള്‍ പൊലെതന്നെ അംബേദ്ക്കര്‍ സിദ്ധാന്തത്തിനു വിരുദ്ധമായി അംബേദ്ക്കറൈറ്റുകള്‍ നടപ്പിലാക്കുന്ന സ്വന്തം ഉപജാതി വിവാഹങ്ങളും തുല്യമായ ഗുരുതര കുറ്റകൃത്യമായി അരളി കാണുന്നു.

                    കൃത്യമായ അംബേദ്ക്കര്‍ വായനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യക്കു രണ്ടു പ്രത്യശാസ്ത്രങ്ങളാണുള്ളത്. ജാതികേന്ദ്രിത വ്യവസ്ഥയുടെ ആണിക്കല്ലായ ബ്രാഹ്മണിസവും, ജാതിരഹിത സാമൂഹ്യ വ്യവസ്ഥയുടെ പ്രായോഗികതയായ അംബേദ്ക്കറിസവും. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള പുരോഗമന മാനവിക ചിന്ത എന്ന നിലയില്‍ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായി രാജ്യത്തെ മുഴുവന്‍ പൌരന്മാരിലും ഒഴുകി നിറയേണ്ടതായ മൂല്യധാര. പൂര്‍ണ്ണമായ അംബേദ്ക്കര്‍ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്. സ്വന്തം സമുദായത്തെയല്ല, മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

                    അംബേദ്ക്കര്‍ തങ്ങളുടെതല്ല എന്ന പൊതുസമൂഹത്തിന്റെ നിഷേധ നിലപാടും, തങ്ങളുടെത് മാത്രമണ് അംബേദ്ക്കര്‍ എന്ന മട്ടിലുള്ള ചില ദലിത് കേന്ദ്രങ്ങളുടെ അതിവൈകാരിക നിലപാടും, ഒരുപോലെ തിരുത്തി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അരളി നില്‍ക്കുന്നത് അവിടെയാണ്. അംബേദ്ക്കര്‍ വായനയിലും ബോധ്യത്തിലും അധിഷ്ഠിതമായ വിശാലമായ സര്‍ഗ്ഗാത്മക ഹരിത ഭൂമിയായിരിക്കും അരളി എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സമത്വ- സ്വാതന്ത്ര്യ- സാഹോദര്യ മൂല്യങ്ങളിലൂന്നിയുള്ള അംബേദ്ക്കറൈറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ജാതിരഹിത സമൂഹമെന്ന ബുദ്ധപദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് അരളി വിശ്വസിക്കുന്നു. അംബേദ്ക്കറെ മാതൃകയായും, ശ്രീബുദ്ധനെ ഗുരുവായും സ്വീകരിച്ചു കൊണ്ടാണ് അരളിയുടെ യാത്ര എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

                    സംസ്ഥാന ഭാഷാ ഇന്‍സ്റ്റിസ്റ്റൂട്ട് പുറത്തിറക്കുന്ന അംബേദ്ക്കര്‍-വോളിയങ്ങളും, മറ്റു മുഖ്യധാരാ പ്രസാധകരുടെ സമാന രാഷ്ട്രീയ പുസ്തകങ്ങളും, അരളിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങളും, ജാതി-മത-രാഷ്ട്രീയ വ്യത്യാസംകൂടാതെ അക്ഷരാന്വേഷികളായ മുഴുവന്‍ പേരിലും നേരിട്ട് എത്തിക്കുവാനുള്ള ശ്രമമാണ് അരളിയുടെ മുഖ്യപരിപാടി. ഒപ്പം, ചെറുതും വലുതുമായ അമ്പതോളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാനും അരളി തീരുമാനിച്ചിട്ടുണ്ട്.
 

                    ഒരാളിനേയും തള്ളി മാറ്റുകയല്ല, മറിച്ച് മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് അരളിയുടെ നയം. നൂറുശതമാനം സുതാര്യവും ജനാധിപത്യപരവും സാഹോദര്യാധിഷ്ഠിതവുമായ അരളിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍  നല്കി  ഐക്യദാര്‍ഢ്യപ്പെടുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി ചരിത്രത്തില്‍ ഒരു ഒളിച്ചോട്ടം താങ്കള്‍ നടത്തുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. നന്ദി.
------------------------------------------------------------------------------
[ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി പോസ്റ്റ് എഡിറ്റു ചെയ്തപ്പോള്‍ ഉണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുവാനിടയായി. അവയുടെ കോപ്പി താഴെ കൊടുക്കുന്നു]

ചാർ‌വാകൻ‌ said...

    ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യ്അത്തിലൂന്നിയുള്ള പുരോഗമന മാനവീക ചിന്ത എന്നനിലയിൽ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായും രാജ്യത്തെ മുഴുവൻ പൌരന്മാരിലും ഒഴുകിനിറയേണ്ടുന്ന മൂല്യധാര.പൂർണ്ണമായ അംബേദ്ക്കർ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്.സ്വന്തം സമുദായത്തെയല്ല,മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

    5 November 2011 20:31

Vinodan said...

    പ്രശ്നത്തിന്റെ മര്‍മ്മത്ത് തന്നെ പിടിച്ചിരിക്കുന്നു. ഏറ്റവും ആവശ്യമാണ്‌ ഇത്...

    5 November 2011 20:47

K.M.Venugopalan said...

    Well said; however,the unpleasant truth about it all is that both people supposedly speaking as organic intellectuals as well as the 'brahmanic' leftists alike refuse to read Ambedkar in the manner it would mandate for democratization of our caste ridden society.Rather than Annihilation of Caste, both camps seem to be (probably without being much conscious about it)sharing the cause of perpetuating it by default! 5 November 2011 21:27

    5 November 2011 21:29

chithrakaran:ചിത്രകാരന്‍ said...

    Valare nannayirikkunnu. Braahmana jatheeyatha allenkil savarna bodhatthe thanneyaanu apalapikkendath. Abhivadyangal !!!

    5 November 2011 22:24

ഇ.എ.സജിം തട്ടത്തുമല said...

    ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഈ ഗ്രൂപ്പിനു യോജിക്കാൻ കഴിയുന്നതും കഴിയാത്തതുമായ പല അഭിപ്രായങ്ങളും. ഉണ്ട്. ജാതി ഇല്ലാതാകേണ്ടതാണെന്ന ഉറച്ച അഭിപ്രായം മാത്രം അറിയിച്ച് ഇപ്പോൾ സന്ദർശനം അറിയിച്ചു പോകുന്നു.അല്പം കൂടി തിരക്കൊഴിയുമ്പോൾ വീണ്ടും ഇതുവഴി വരും!

    6 November 2011 01:26

ഇ.എ.സജിം തട്ടത്തുമല said...

    ആശംസകൾ!

    6 November 2011 01:26

Anonymous said...

    .//// ഇന്ത്യയുടെ അടിസ്ഥാനപ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം ജാതിനിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രബലവഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു//// "ജാതിവ്യവസ്ഥ തകര്ക്കാന് പറ്റിയ മാര്ഗം മിശ്രഭോജനമോ ,മിശ്രവിവാഹമോ അല്ലെന്നും ജാതിയുടെ അധിഷ്ഠാനമായ മതസങ്കല്പങ്ങളെ നശിപ്പിക്കുകയാണെന്നും ഞാന് പറഞ്ഞിരുന്നു "(ജാതിനിര്മൂലനം-ഡോ.അംബേദ്കര് സമ്പൂര്ണകൃതികള് വാല്യം 1 പേ 37) "മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുകയും അതിനുവേണ്ടി പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നത് കൃത്രിമോപായങ്ങളിലൂടെ നിര്ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതുപോലെയാണ് "(അതേ കൃതി. പേ 81. ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് 1996 നവം)

    9 November 2011 08:52

kaalamaadan said...

    അനോനിയുടെ അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ഡോ.അംബേദ്കറിന്രെ അബിപ്രായത്തിന് വിപരീതമായിട്ടാണെല്ലോ ചാര്‍വാകന്‍ ചേട്ടന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അപ്പോള്‍ ചേട്ടന്‍ ജാതി നിര്‍മൂലനം ശരിയായി വായിച്ചിട്ടില്ലേ ? :-)

    9 November 2011 16:17 



Monday, 14 June 2010

അഥവാ ആത്മാവുമായി ഒരഭിമുഖം

  പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലർത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാർത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്.തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.
1.മറ്റാർക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടിൽ നാട്ടിലെ ദലിതുകൾക്കും കൊടുക്കാറ്.YES/NO.
2.അപ്പൂപ്പൻ,അമ്മൂമ്മ,അങ്കിൾ,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങൾ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്.  YES/NO.
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? yes/no.
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കുവാൻ ഞാൻ മടിക്കുന്നുണ്ടോ?  yes/no.
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങൾക്കും കുടുംബവുമൊത്താണോ ഞാൻ പോകാറ് ? yes/no.
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് ? yes/no.
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകൾ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ?  yes/no.
8.ബോധവൽക്കരണമെന്ന നിലക്ക് വീട്ടിൽ ജാതി ഒരു ചർച്ചാവിഷയമാക്കാൻ എനിക്കു കഴിയുന്നുണ്ടോ? yes/no.
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉൽ‌പ്പന്നമെന്നനിലയിൽ ജാതിവ്യവസ്ഥയെ ദുർബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാൻ നടത്തുന്നുണ്ടോ ? yes/no.
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കൾക്കുനൽകുവാൻ എനിക്കു കഴിയുമോ ? yes/no.
11.എന്റെ സൌഹൃദങ്ങൾക്ക് സമുദായം  മാനദണ്ഡമാകുന്നുണ്ടോ  ? yes/no.
12.സ്വന്തം സമുദായക്കാർ മാത്രമോ,സമാന ജാതികളിൽ പെടുന്നവർ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൈഹൃദവലയം? yes/no
13.ചുറ്റുവട്ടത്തെ ദലിതുകൾ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീൽ അംഗങ്ങളായുണ്ടോ?yes/no.
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളിൽ ദലിതുകൾ ഉൾപ്പെടുന്നുണ്ടോ ? yes/no.
15.ജാതിനോക്കി ഞാൻ വോട്ടു ചെയ്തിട്ടുണ്ടോ? yes/no.
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാൽ ആ പ്രവണതയെ ഞാൻ എതിർക്കുന്നുണ്ടോ?yes/no.
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കുമോ? yes/no.
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ,സ്വീകരിക്കുമോ ?yes/no.
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി ഉയർന്ന ജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ സ്വീകരിക്കുമോ ? yes/no.
20.പ്രേമിക്കുന്ന  വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
21.കാമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയിൽ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? yes/no.
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ?yes/no.
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാൻ എനിക്കു സാധിക്കുമോ ? yes/no.
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ?yes/no.
                താങ്കൾ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളിൽ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം  പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ‘’ഓക്സിജനും ഹൈഡ്രജനും ‘’പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛൻ കട്ടിൽകീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങൾക്കുനേരേ കണ്ണുതുറന്നുപിടിക്കുവാൻ നമ്മൾ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങൾ  പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകൾ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീൽ നിലനിൽക്കുന്ന ചായക്കടകളിലെ ഡബിൾ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങൾ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടിൽ ഹോട്ടൽ തുറന്നു ജീവിക്കുവാൻ ഒരു ദലിതൻ എന്തുകൊണ്ട് കേരളത്തിൽ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കൽ തന്നെയാണ്.( c.s.rajesh)

Sunday, 13 June 2010

ദളിത് വാദത്തിലെ മാനവികത !!

             ജന്തുതയുടെ ഈ കാട്ടുകാലത്ത് മാനവികതയുടെ പക്ഷത്ത് സത്യസന്ധമായി നിലകൊള്ളുന്നവരാണ്  യഥാര്‍ത്ഥ പുരോഗമനവാദികള്‍. ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും ലിംഗത്തിന്റേയും സമ്പത്തിന്റെയും പേരിലുണ്ടാകുന്ന ഏതുവിധത്തിലുള്ള ആധിപത്യശ്രമങ്ങളേയും ഇരകള്‍ക്കൊപ്പം നിന്നു ചെറുക്കേണ്ടവരാണവര്‍. ഒളിവിലോ തെളിവിലോ ജാതിയില്ലാത്തവനാണ് ഹ്യൂമനിസ്റ്റ്. എങ്കില്‍ മറ്റാരേക്കാളും മുമ്പ്  ഒരു അംബേദ്ക്കറൈറ്റിനെ നമുക്കങ്ങനെ വിളിക്കാം . അംബേദ്ക്കറൈറ്റുകള്‍ ജാതിവാദികളല്ല. മറിച്ച് രാജ്യത്തെ ഒന്നാമത്തെ ജനാധിപത്യവാദികളാണ്; ജനാധിപത്യം എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥത്തില്‍.

             ദലിത് വാദം ജാതിവാദമല്ല. അത് സകല വഴിവക്കുകളിലും  മറഞ്ഞിരിക്കുന്ന ബ്രാഹ്മണിക സുസ്സജ്ജത ബോധ്യപ്പെട്ടുകൊണ്ടുള്ള ജാഗ്രതപ്പെടലാണ്‌. ബ്രാഹ്മണിസം എന്ന പ്രയോഗം ബ്രാഹ്മണജാതിക്കുനേരേയുള്ള കലഹിക്കലല്ല. ജാതിവ്യവസ്ഥ തന്ത്രപൂര്‍വം  നിലനിര്‍ത്തി  പോകുവാനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മതസംവിധാനത്തിന്റെ പേരാണ്‌. സവര്‍ണതയെന്നാല്‍ വെളുത്ത തൊലിനിറമല്ല, അത് ഹീനവും മനുഷ്യത്വരഹിതവുമായ, പകരുന്ന ഇന്ത്യന്‍ മാനസിക രോഗമാണ്‌. ഈ അര്‍ത്ഥത്തില്‍ അനേകം ഉദ്യോഗസ്ഥ ദലിതരും, തത്തുല്യരായ മറ്റു സംവരണീയരും  ജ്ഞാനബോധത്തിന്റെ കുറവുകൊണ്ട് സവര്‍ണരായി പരിവര്‍ത്തനപ്പെട്ടും,  സമരസപ്പെട്ടും ജീവിക്കുന്നതു കാണാം .
      
             അധികാര ഭൂമികയില്‍ നിലനില്ക്കുന്ന ഫ്യൂഡല്‍ രീതികള്‍ ഏതൊരാളേയും സവര്‍ണ്ണഹൃദയനാക്കുകയാണ്‌ ഇന്ത്യയില്‍.
ജാതിയുടെ അകലങ്ങള്‍ പരസ്പരം പാലിക്കുന്ന അനേകം അവാന്തരവിഭാഗങ്ങളായി രാജ്യത്തെ ഉപരിവര്‍ഗ്ഗവും ദരിദ്രവര്‍ഗ്ഗവും നെടുകയും കുറുകയും വിഘടിച്ചു നില്ക്കുന്നുവെന്ന അതീവ സങ്കീര്‍ണ്ണമായ  സാഹചര്യം ലോകത്ത്  ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അപ്പോള്‍ ജാതിയുടെ  സമ്പൂര്‍ണ്ണമായ ഇല്ലാതാക്കലിനെ മാത്രമേ ഇന്ത്യന്‍ വിപ്ളവമെന്ന് വിളിക്കുവാന്‍ പാടുള്ളൂ എന്നു വരുന്നു. ജാതിയെന്ന പരമമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന്‌ പദ്ധതികളില്ലാത്ത ഒരു തത്വശാസ്ത്രത്തിനും, തുച്ഛമായ പരിധികള്‍ക്കപ്പുറമുള്ള പ്രവേശനം ഇന്ത്യയില്‍ സാധ്യമല്ല. മറിച്ചുള്ള വാദങ്ങള്‍ യുക്തിക്കു നിരക്കുന്നതുമല്ല. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ തൊഴിലാളി വര്‍ഗ്ഗത്തിന്‌ പൊതുവായ ഒരു വര്‍ഗ്ഗാനുഭവമോ, വര്‍ഗ്ഗജീവിതമോ ഇന്ത്യയില്‍ സംഭവിക്കുന്നില്ല. പകരം തൊഴിലാളികള്‍ എന്ന വര്‍ഗ്ഗാനുഭവത്തേക്കാള്‍ നിഷ്ഠൂരമായ ജാത്യാനുഭവമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഭിന്ന ജാതികളിപ്പെടുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യാനുഭവങ്ങള്‍ ഭിന്നങ്ങളാകുന്നു. ആഴത്തിലുള്ള ജാതിബോധത്തില്‍ നിന്ന്‌ മോചിതരായിട്ടില്ലാത്തതിനാല്‍ പ്രണയം, സൌഹൃദം  പോലുള്ള വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ അവര്‍ വര്‍ഗ്ഗബന്ധം മറക്കുകയും ജാതിയുടെ പ്രാകൃത വൈകാരികതയ്ക്ക്‌ കീഴ്പ്പെടുകയും ചെയ്യുന്നു. വര്‍ഗ്ഗവിപ്ളവം എന്നത്‌ 'ജാതിഇന്ത്യ'യില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ സ്വപ്നമായി അവശേഷിക്കും എന്നുതന്നെയാണ്‌ ഈ ഉദാഹരണം സൂചിപ്പിക്കുന്നത്‌.
   
             ഇന്ത്യയുടെ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള ആന്തരിക ശാശ്വത പരിഹാരമാണ് 'അംബേദ്ക്കറിസം' എന്ന പ്രത്യശാസ്ത്രം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയിലൂടെ പുലരുന്ന, ജാതി നിര്‍മൂലനത്തിലധിഷ്ഠിതമായ സാമൂഹികജനാധിപത്യം അതു മുന്നോട്ടു വെയ്ക്കുന്നു. ഒരു ഇന്ത്യാക്കാരന്റെ വായന പൂര്‍ണ്ണമാകുന്നത് അയാള്‍ അംബേദ്ക്കറെ കൂടി വായിക്കുമ്പോഴാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

             ഡോ.അംബേദ്ക്കറിന്റെ അനുഭവക്കുറിപ്പുകളില്‍ കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ വിഖ്യാത ധനതത്വശാസ്ത്ര പ്രഭാഷണത്തിനിടയില്‍ വേദിയിലിരിക്കുന്ന ഒരു ഇന്ത്യന്‍ ദേശീയ നേതാവ്, 'ഇയാള്‍' ഞങ്ങളുടെ നാട്ടിലെ അധ:കൃതനാണ്  എന്ന് അംബേദ്ക്കറിനെക്കുറിച്ച് അസഹിഷ്ണുതപ്പെടുന്നത്  സൂചിപ്പിക്കുന്നുണ്ട്. ജാതിയില്ലാത്തയിടങ്ങളിലും അതിന്റെ അന്തരീക്ഷം നിര്‍മ്മിക്കുവാനുള്ള ത്വര ഇന്ത്യന്‍സവര്‍ണ്ണനുണ്ട് എന്നദ്ദേഹം തുടരുന്നു.

             എനിയ്ക്ക് ജാതിയില്ല എന്ന ഒഴിഞ്ഞുമാറലല്ല ഞാന്‍ ജാതിയെ എതിര്‍ക്കുന്നു എന്ന ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ആത്യന്തിക ഇരകളായ ദലിതുകള്‍ അതിനെ തുറന്നെതിര്‍ക്കുവാന്‍ അനുഭവങ്ങളാല്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉദ്ദേശശുദ്ധി മനസ്സിലാക്കി പിന്തുണക്കുന്നതിനോടൊപ്പം പ്രത്യക്ഷത്തില്‍ ജാതിയെ തള്ളിപറഞ്ഞും പരോക്ഷമായി അതിന്റെ ഉപഭോക്താവായും കഴിയുന്ന വേഷപ്രച്ഛന പുരോഗമനവാദികളെ തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഒരു യഥാര്‍ത്ഥ ഹ്യൂമനിസ്റ്റിനുണ്ട്.

                        (ശ്രീ. സി.എസ്സ്. രാജേഷ്  എഴുതിയത് )