Monday 19 April 2010

ഒരു ജനാധിപത്യ സമൂഹത്തിലെ സംഗീതം എന്തായിരിക്കണം ?.

സമത്വത്തിനു വേണ്ടിപൊരുതിയവർ,സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തവർ ,സാഹോദര്യത്തിനു വേണ്ടി ഉറക്കം വെടിഞ്ഞവർ,ഒളിഞ്ഞോ-തെളിഞ്ഞോ ഇവയിലേതെങ്കിലും സാമൂഹ്യചലനഗതിയുടെ ഭാഗമായും,ഭാഗമായികൊണ്ടിരിക്കുന്നവരുമായ ഓരോരുത്തരുടേയും ജീവശ്വാസത്തിൽ നിന്നുമുയിർകൊള്ളുന്നതായിരിക്കണം മനുഷ്യന്റെ സംഗീതം.
               അസമത്വങ്ങളും, അനീതികളും,ദാരിദ്ര്യവും അജ്ഞരാ‍യമനുഷ്യരുടെ സൃഷ്ടികളാണന്നും നേരറിയാവുന്ന മനുഷ്യർക്ക് അവ അനായാസം തൂത്തെറിയാനാവുന്നതുമാണന്ന ചരിത്രസത്യം മറ്റുള്ളവരുടെ സമരജീവിതങ്ങളെ മുൻ നിർത്തി പാടിപകരേണ്ടതാണ് സംഗീതം.
                ആഴത്തിലും പരപ്പിലും അനന്തമായി കിടക്കുന്ന ശാസ്ത്രീയസംഗീതത്തിലെ ഒരു തിരപോലും കോടാനുകോടി അധ്:സ്ഥിതരും സ്ത്രീകളും  അധ്വാനിക്കുന്നവരുടേതുമായി അലയടിക്കാതിരുന്നത് യാദൃശ്ചികമല്ല.മാനവസംഗീതത്തിന്റെ കൂട്ടകൊല നൂറ്റാണ്ടുകൾക്കപ്പുറം അരങ്ങേറുകയും ജഡമാത്രമായതിനെ വെള്ളപൂശി വേഷംകെട്ടിക്കുകയും ചെയ്തുകൊണ്ടുമാത്രമാണത്.അധ്:സ്ഥിതരിൽ നിന്നും സ്ത്രീകളിൽ നിന്നും അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്ന എല്ലാവരിൽ നിന്നും ‘എന്നെ കാത്തുകൊള്ളേണമേ’ എന്ന യാചനകളായി സംഗീതകീർത്തനങ്ങൾ അധ്:പതിക്കുകയും ഈ ലോകത്തിന്റെ അധ്വാനഫലത്തെ അത്യാർത്തിയോടെ ഭോഗിക്കുകയും ,അധ്വാനിക്കുന്നവരെ പുശ്ചിച്ചുകൊണ്ട്‌ മറ്റൊരുലോകത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി  ശാസ്ത്രീയസംഗീതത്തിന്റെ സൌന്ദര്യ നിയമങ്ങൾ മാറ്റിയെഴുതിയതും യാദൃശ്ചികമല്ല.ഭൂരിപക്ഷത്തിനെ ചൂഷണം ചെയ്തു കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ സുഖ -അധികാരം സ്ഥാ‍പിക്കുകയെന്ന കേവലപ്രാകൃതകൌശലം മാത്രമായിരുന്നു അതിനു പിന്നിൽ.
           വരേണ്യ-പുരുഷ വീരസ ശൃംഗാരത്തിൽ നിന്നും ലജ്ജയും.കൃതിമ ഭയവും കലർന്ന ഭക്തി-മോക്ഷ പുകമറകളിൽ നിന്നും അഭിമാനവും സ്ഥൈര്യവും ജനാധിപത്യ കരുത്തുമുള്ള മനുഷ്യാംശങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം ഉയരേണ്ടതുണ്ട്.
             എ.ഡി.ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെടുത്ത ആയുധമേന്തിയ വരേണ്യ-പുരുഷ-സ്ത്രീ സാങ്കല്പിക കഥാപാത്രങ്ങളെ ആരാധിക്കുന്ന ജനാധിപത്യ വിരുദ്ധ  അശാസ്ത്രീയ മൂഡതകളിൽ നിന്നും ആധുനിക സംഗീതം സ്വതന്ത്രമാകേണ്ടതുണ്ട്.
            മനുഷ്യരും അവരുടെ നിലനില്പിനായുള്ള പോരാട്ടങ്ങളും ജയപരാജയങ്ങളും പ്രയാണങ്ങളും ഭയങ്ങളും അത്ഭുതങ്ങളും സ്വപ്നങ്ങളും ആവേശങ്ങളും കരുണകളും കാമങ്ങളും വാത്സ്ല്യങ്ങളും ആദരാഭിമാനങ്ങളും ആഘോഷങ്ങളും  നിറഞ്ഞ ജീവിതമായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ സംഗീത സാഹിത്യം.

16 comments:

  1. ഇനിയുള്ള ശാസ്ത്രീയ സംഗീതത്തെ സ്വാതന്ത്ര്യ സമര സേനാനികളിലേക്കും സാമൂഹ്യ സാംസ്കാരിക ചിന്തകരിലേക്കും,നവോത്ഥാന നാ‍യകരിലേക്കും സൌന്ദര്യബോധത്തെ പൊളിച്ചെഴുതികൊണ്ടാണ് ഉണ്ടാകേണ്ടത്.സ്ത്രീ സമത്വത്തിനും പ്രാന്തവത്കൃതരുടെ നിലനില്പിനും,പരിസ്ഥിതിയുടെ അതിജീവനത്തിനും വേണ്ടി സമരജീവിതം നയിക്കുന്ന ആയിരമായിരം മനുഷ്യരുടെ ജനാധിപത്യമോഹങ്ങൾക്ക് ശ്രുതിയും താളവുമിട്ടുകൊണ്ടാവണം സംഗീതം അതിന്റെ ജൈവചൈതന്യം തിരിച്ചടുക്കേണ്ടത്.സംഗീതവും ജീവിതവും വേർതിരിഞ്ഞു നിൽക്കാതെ സംഗീതം തന്നെ ജീവിതമാകുന്നകാലത്തെ സ്വപ്നം കാണുന്നവർ ബന്ധപ്പെടുക. അരളി.9567769376,9496269208,9605985334,9847349081.

    ReplyDelete
  2. 'ശാസ്ത്രീയ' സംഗീതം എന്ന സവര്‍ണ-വരേണ്യ അഭ്യാസത്തില്‍ നിന്ന് കേരളീയ(ഭാരതീയ)സംഗീതത്തെ മോചിപ്പിക്കാനുള്ള ശ്രമം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?ഇനി ഉണ്ടാകുമോ?ഇപ്പോള്‍ നടക്കുന്ന റിയാലിറ്റി ഷോകളിലൂടെയും മറ്റും സ്ഥാപിക്കപ്പെടുന്നത് 'ശാസ്ത്രീയ' സംഗീതം പഠിക്കാത്തയാള്‍ക്ക് സംഗീതം ആത്യന്തികമായി അറിയില്ല എന്നുതന്നെയല്ലേ?

    ReplyDelete
  3. സത്യാന്വേഷി വന്നതിൽ നന്ദിയുണ്ട്.ദക്ഷിണ ഭാരതത്തിൽ പൊതുവേ കർണ്ണാടക സംഗീതം എന്നറിയപ്പെടുന്ന സംഗീത പദ്ധതിയെയാണ് ശാസ്ത്രീയ സംഗീതമെന്നു വിളിക്കുന്നത്.ഇത് പൊതുവേ സവർണ-വരേണ്യ -അധികാര വർഗ്ഗത്തിന്റെ അഭ്യാസം തന്നെയാണ്.അവരുടെ ദൈവങ്ങളെ പൊതുസമൂഹത്തിൽ ‘പൊലിപ്പിച്ചെടുക്കുന്ന’ഭക്തിയെന്ന വികാരത്തെ മാത്രം കേന്ദ്രീകരിക്കുന്ന അധിനിവേശ പ്രത്യശാസ്ത്രം കൂടിയാണ്.(ചില ശൃംഗാര പദങ്ങൾ കൂടിയുണ്ട്) ഉപഭോഗത്തിന്റേതു മാത്രമായ ഇത്തരം സംഗീതം മനുഷ്യവിരുദ്ധമാകുന്നത് ,മഹാഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനസ്മൂഹങ്ങളെ പുറത്തു നിർത്തി,അവരുടെ അദ്ധ്വാനഫലം കൊണ്ട് ഉണ്ടുറങ്ങുന്നവരുടെ സ്വകാര്യ ഇടം മാത്രമാണ് .അമ്പലചുമരുകൾക്കുള്ളിലും,ജന്മി ഗ്രഹങ്ങളിലും,രാജകൊട്ടാരങ്ങളിലും മാത്രം ആഘോഷിച്ചിരുന്ന ഈ സംഗീത പദ്ധതി അടുത്ത കാലത്തു മാത്രമാണ് പുറത്തിറങ്ങിയത്.അതിന്റെ കാരണം അധികാര ബന്ധങ്ങളിൽ വന്ന മാറ്റമാണ്.കൂടുതൽ വിശദീകരണം വേണ്ടുന്ന ‘രാഷ്ട്രീയം’ഉൾകൊള്ളുന്നുണ്ട്‌.
    ഈ അഭ്യാസത്തിൽ നിന്നും സംഗീതത്തെ മോചിപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.ഉണ്ടാകേണ്ടുന്ന കാര്യവുമില്ല.കാരണം ശാസ്ത്രീയ സംഗീതം പാടിക്കൊണ്ട് എടുക്കാവുന്ന ഒരു തൊഴിലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.സംഗീത ചികിത്സയെന്നൊരു ‘ഉടായിപ്പ്’മാർക്കറ്റിൽ ഇറക്കിയിട്ട് ക്ലെച്ചുപിടിച്ചില്ല.
    റിയാലിറ്റി ഷോ എന്ന വലിയ ചന്തയിൽ തട്ടുകട നടത്താൻ ചിലർക്കു കഴിഞ്ഞിട്ടുള്ളതു പോലും വലിയകാര്യമാണ്.അവിടെയും ശാസ്ത്രീയ സംഗീതം അറിയില്ലന്നത് ,എത്രവലിയ പ്രതിഭയാണങ്കിലും അയോഗ്യതയാകുന്ന സമീപകാല ദുരന്തം തന്നെയാണ്.

    ReplyDelete
  4. ഹ ഹ ഹ. സംഗീതം സവര്‍ണന്റെ തിണ്ണയും കോണകവും കഴിഞ്ഞ് ഇല്ലം വിട്ട് പുറത്ത് വന്നിട്ടില്ല. അത് അടുത്ത കാലത്തൊന്നും വരികയും ഇല്ല എന്ന് തോന്നുന്നു. പണ്ട് വ്യഭിഛരിച്ചതിന്റെയും, അടിയാളനെ കൊന്ന് തള്ളിയതുമെല്ലാം വീരചരിതമാക്കി പാടിയും ആടിയും ആഘോഷിക്കുകയാണല്ലോ സവര്‍ണരും ശിങ്കിടി വര്‍ഗ്ഗങ്ങളും. സംഗതികളും ,സാധനങ്ങളും വിടാതെ പിന്തുടരുന്ന ശാസ്ത്രീയ സംഗീത പുലയാട്ടുകളാണല്ലോ റിയാലിറ്റി ഷോകളില്‍ അരങ്ങേറുന്നത്. എത്ര സമര്‍ഥമായാണ് സംഗീതം സവര്‍ണന്‍ തന്റെ കൈകളില്‍ തന്നെ ഉണക്കി പൊടിച്ച് സൂക്ഷിച്ഛത് എന്ന് നോക്കുക. ദക്ഷിണ ഭാരതത്തില്‍ ഈ വരേണ്യ വര്‍ഗ്ഗ സംഗീതത്തെ ചവിട്ടി പുറത്താക്കാന്‍ ശ്രമങ്ങള്‍ ചെറുതായി അങ്ങുമിങ്ങും വരുന്നുണ്ട്. പക്ഷെ മൂര്‍ത്തികളും മേനോന്‍ മാരും അത് ഊതി കെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉയര്‍ന്നുവരും എന്ന് തന്നെ പ്രതീക്ഷിക്കുക. നാടന്‍ പാട്ടുകളും മറു നാടന്‍ ഫോല്‍ക്ക് മ്യൂസിക്കുമെല്ലാം വരുമ്പോള്‍ ചില മൂര്‍ത്തികളും മേനോന്‍ മാരുടെയുമൊക്കെ ക്യമി കടി നോക്കുക. എസ് പി ബാല സുബ്രമണ്യം ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും പാടുന്നു. പക്ഷെ മേനോന്‍ മാര്‍ക്ക് കുഴപ്പമില്ല. കാരണം വ്യക്തമാണല്ലോ. കേരളത്തില്‍ ജാസി ഗിഫ്റ്റിന്റെ മേല്‍ കുതിര കയറുന്നവരെ നിരീക്ഷിക്കുക. അസുഖം വുയക്തമാവും. ഈ പോസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒന്ന് കൂടി വിശദീകരിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. പ്രസക്തമാണ് വിഷയം ഇന്നത്തെ റിയാലിറ്റി പേക്കൂത്ത് എന്ന സാഹചര്യത്ത്തില്‍ പ്രത്യേകിച്ചും.

    ReplyDelete
  5. Joker,വിപുലമായി പരാമർശിക്കേണ്ടുന്ന പോസ്റ്റാണിത്.ചെറുതാക്കിയതാണ്.താങ്കളെ പോലുള്ളവരുടെ കമന്റിനാൽ പൊലിപ്പിച്ചെടുക്കാമെന്നു കരുതുന്നു.
    മലയാളികളായ നമ്മുടെ സംഗീത ബോധത്തെ വിലയിരുത്താനുള്ള സാധ്യതയാണ് തെളിയുന്നത്.കേരളത്തിൽ ,ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ നവോദ്ധാന പ്രസ്ഥാനങ്ങൾ സജീവമായിരുന്നെങ്കിലും സംഗീതത്തിൽ അത്തരത്തിലൊരു ‘അഴിച്ചു പണി’നടന്നില്ല.ഒരോ സാമൂഹ്യ ജനതയും അവരുടെതായ ‘വേലി’ക്കുള്ളിലായിരുന്നു.പൊതു’ഇടം’എന്നു പറയാവുന്നത് തമിഴ് സംഗീത നാടകങ്ങളായിരുന്നു.ത്യാഗരാജ ഭാഗവതർ,ടിയു.ചിന്നപ്പാ എന്നിവരുടെ ‘കീർത്തന’ങ്ങളിൽ ഭ്രമിച്ചു വശംകെട്ട ഒരു കാഴ്ചാ സമൂഹത്തെ,കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി രൂപ പ്പെട്ട നാടകങ്ങളിലൂടെ ഒരു ‘പുതിയ പാട്ടു’രീതി ആവേശിക്കുകയുണ്ടായി.അത് ആർക്കും പാടാവുന്ന ‘ലളിത’ഗാനശൈലിയിലായിരുന്നു.സിനിമകൾ വ്യാപകമാവുന്നതോടെ അവരും ഈ ശൈലിതന്നെയാണ് തുടർന്നത്.അന്നൊന്നും ശാസ്തീയ(കർണാടക)സംഗീത ത്തിന്റെ വേവലാതികൾ മലയാളികൾ അനുഭവിച്ചിരുന്നില്ല.എൺപതുകൾ മുതൽ മാറുന്നുണ്ട്,അതിനു പ്രധാന കാരണം ‘ശങ്കരാഭരണം’എന്ന സിനിമ വിക്ഷേപിച്ച പുതിയ ബോധമായിരുന്നു.കേരളത്തിൽ നിന്നും കൊയ്തെടുത്ത വിളവ് എത്രയായിരുന്നെന്ന് ചരിത്രം പറയും.അതു കഴിഞ്ഞ് അതെ പറ്റേണിൽ ചിലതുകൂടി വന്നു.മലയാളിയുടെ പാട്ടിലുള്ള ‘മൂല്യബോധം’തകിടം മറിഞ്ഞു.നവോത്ഥാന മൂല്യങ്ങളെ’റദ്ദാക്കുന്ന’,സവർണമൂല്യങ്ങൾ ഒളിച്ചു കടത്തുകയോ,ഇരച്ചു കയറുകയചെയ്തു.ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്തായി പ്രചാരം കിട്ടിയ ‘നാടൻ പാട്ടു‘കളുടെ വരവോടെയാണ്.സമ്പന്നമായ മാപ്പിളപ്പാട്ടു ശൈലിയെ പടിക്കു പുറത്തു നിർത്തുവാൻ കഴിഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്.
    ‘റിയാലിറ്റി’ഷോയുടെ കാര്യം ബോധപൂർവ്വം പറയാതിരുന്നതാണ്.കച്ചവടത്തിനൊരു സങ്കല്പമേയുള്ളു.’ലാഭം’അതേതായാലും ഈ വൈകൃതം കൊണ്ടുവരുന്നുണ്ട്.മനുഷ്യന്റെ ‘നൈസർഗീക’മായ സംഗീത ബോധത്തെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം പരിപാടിയേപറ്റി ഒരുപാടു പറയേണ്ടിവരും.
    വന്നതിനും,ഇടപെട്ടതിനും നന്ദി.

    ReplyDelete
  6. കൂടുതലായി എതെങ്കിലും പറയാന്‍ അറിയില്ല.
    എങ്കിലും അറിയാന്‍, ഇനിയും അഭിപ്രായങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  7. പാട്ട് രീതി മലയാളഭാഷക്ക് അന്യം എന്ന് പറയുമ്പോള്‍ എന്താ അര്‍ത്ഥമാക്കേണ്ടത്? നാടന്‍ പാട്ടില്‍ സാഹിത്യം ഇന്ന് മലയാളഭാഷക്ക് അന്യം എന്ന് പറഞ്ഞാല്‍ ശരി. ഞാന്‍ സമ്മതിച്ചു. പിന്നെ താളം അതു നമ്മുടെ സ്വന്തം ആണല്ലോ. അതുകൊണ്ടല്ലേ ഇത്രയും വാദ്യരീതികളൊക്കെ വന്നത്.
    അങ്ങനെ എത്രവാക്കുകള്‍ അന്യംനിന്നും പോകുന്നു! ഞാന്‍ കുട്ട്ടിക്കലത്ത് കേട്ടപലവാക്കുകളും ഇന്ന് ഇല്ല.അല്ലെങ്കില്‍ പലതിന്റെയും അര്‍ത്ഥം തന്നെ മാറിയിരിക്കുന്നു.
    കുട്ടിക്കാലത്ത് ഞങ്ങടെ നാട്ടില്‍ കൊയ്ത്തുകഴിഞ്ഞ് പാടത്ത് കട്ടമണ്ണിന്റെ മുകളില്‍ നിന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചെറുമക്കള്‍ വട്ടത്തില്‍ നിന്ന് പുലരും വരെ ആടുകയും പാടുകയും ചെയ്തിരുന്നു. കള്ളുഷാപ്പിനു മുന്നില്‍ ആണെന്ന് വേറൊന്ന്. പിന്നെ കോല്‍ക്കളി എന്ന് ഒരു കളി അവര്‍ക്കുണ്ടായിരുന്നു. ധാരാളം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്‌. അതില്‍ ചില സാഹിത്യമൊക്കെ അവരും കേട്ട്പഠിച്ചതാണ്. പലതും അപ്പപ്പോ അവര്‍ക്ക് തോന്നുന്നത് താളത്തില്‍ പാടുന്നതാണ്. കല്ലിടുംബിലെ വെള്ളമ്പോലെ.. പാട്ടല്ലേ വരണ് എന്ന് അവര്‍ തന്നെ പറയും.
    പക്ഷെ അന്ന് അത് ജീവിതഗന്ധിയായിരുന്നു. അദ്ധ്വാനിക്കുന്നവര്‍ തന്നെ പാടുന്നത്. ഞാന്‍ പഴയവാക്കുകള്‍ വെച്ച് നാടന്‍പാട്ട് എന്ന പേരില്‍ ഇറക്കിയാല്‍, ആ ഗന്ധം അത് എവിടേ എന്ന് ചോദ്യം ഉയരും.
    അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.
    പിന്നെ ശാസ്ത്രീയ സംഗീതത്തിലെ ശാസ്ത്രീയത്തിനെ ക്വൊട്ടേഷന്‍ വെച്ച് മാറ്റി ഇരുത്തേണ്ട കാര്യമൊന്നും ഇല്ലാ. ഇത്തരം നാടന്‍പാട്ട് രീതികളെ പരിഷ്കരിച്ച് ഒരു പദ്ധതിയാക്കിയതല്ലേ അത്? ആ പദ്ധതി കുറ്റമറ്റതാണ് എന്നതിനാലല്ലെ അതിനെ ശാസ്ത്രീയം എന്ന് പറയുന്നത്? അതിലെവിടെ വര്‍ഗ്ഗജാതി വ്യത്യാസങ്ങള്‍? (അതിലെ സാഹിത്യം അല്ല പറയുന്നത്.)
    വെങ്കിടമഖിയുടെ പദ്ധതിയെ രസതന്ത്രത്തിലെ മൂലകങളുടെ പട്ടികയുമായിട്ടാണ് ഒരു സുഹൃത്ത് കമ്പേറ് ചെയ്തത്. അത് ശരിയാണ് എന്ന് എനിക്കും തോന്നി.
    ‘ശാസ്ത്രീയ‘സംഗീതത്തില്‍ ആദ്യം കുറച്ച് അധികം മലയാളം വരട്ടെ എന്നാ ഞാന്‍ ആശിക്കുന്നത്. ന്നാളൊരു ദിവസം ഖുറാന്‍ ‘ശാസ്ത്രീയ’സംഗീതരീതിയില്‍ ചിട്ടപ്പെടുത്തി ഒരു മുസ്ലീം പെണ്‍‌കുട്ടി പാടുന്നത് കേട്ടു. അത്തരം വൈവിധ്യം തന്നെ ആവശ്യം.
    പിന്നേം എഴുതാം. പക്ഷെ തല്‍ക്കാലം നിര്‍ത്തട്ടെ.

    ReplyDelete
  8. ആ കൂട്ടത്തില്‍ കൂടിയ ഒരുവനാണ്,ഇതെഴുതുന്നത്.അച്ചായനും,നിരക്ഷരനുമൊക്കെ നല്ല അനുഭവമായി ഓര്‍ക്കുന്നതില്‍ നന്ദിയുണ്ട്.സുനിലിന്റെ കമന്റിനോട് ചെറുതായി പ്രതികരിക്കണമെന്നു തോന്നുന്നു.നാടന്‍ പാട്ടുകള്‍ അടച്ചു വെച്ച പുസ്തകമല്ല.സി.ജെ.കുട്ടപ്പന്‍ മുതല്‍ കലാഭവന്‍ മണിവരെ പൊതുസമൂഹത്തിലേക്കു വിക്ഷേപിച്ച പാട്ടുരീതിയാണ്.ഇത് ഇവര്‍ക്ക് കിട്ടിയത് പാരമ്പര്യ പാട്ട്/പറച്ചില്‍ സംസ്കാരത്തില്‍ നിന്നുമാണ്.നൂറ്റാണ്ടുകളോളം വാമൊഴിയില്‍ മാത്രം നിലനിന്ന ഈ പാട്ടുരീതി,നമ്മളിന്നു കേള്‍ക്കുന്ന മലയാള ഭാഷയ്ക് അന്യമാണ്.പല വാക്കുകളും ഞങ്ങള്‍ക്കുപോലും പിടിയില്ല.ഓരോ ജാതിസമൂഹത്തിനും വ്യത്യസ്ത അനുഷ്ടാനങ്ങളുള്ളതുപോലെ ,വ്യത്യസ്ഥ പാട്ടുകളുമുണ്ട്.ആദിവാസി-ഗോത്ര ജനതയുടെ ഭാഷപോലും,കേരളത്തിലുള്ളവരാണോ എന്നു ശ്ങ്കതോന്നും.അതുകൊണ്ടുതന്നെ പൊതുഇടങ്ങളിലേക്ക് പാട്ടുകളെ കൊണ്ടുവരുമ്പോള്‍ ആധുനിക ചേരുവകള്‍ വരേണ്ടതുണ്ട്.ഇതൊരു അടഞ്ഞ വിഷയമല്ലെന്ന് ആദ്യം സൂചിപ്പിച്ചല്ലോ.ഇവിടെ താളത്തിനാണ് പ്രാധാന്യം.വിഷയം രണ്ടാമതേ വരൂ.താളം രൂപപ്പെടുന്നത് വായ്താരിയിലാണ്.വായ്താരിയുടെ ടെമ്പോ അനുസരിച്ച്,മൂഡും മാറുന്നു.ഒരുവായ്താരിയില്‍ തന്നെ ആര്‍ക്കും ഇടപെടാനോ,വിഷയം അവതരിപ്പിക്കാനോ കഴിയുന്നതാണ്.ഒരാളോ,ഒരു കൊച്ചുസംഘമോ അവതരിപ്പിക്കുകയും,ബാക്കിയെല്ലാവരും കാണികളോ,കേള്‍വികാരോ ആകുന്ന ഒരു സംസ്കാരമല്ല,ഗോത്ര ജനതയുടെ.അതുകൊണ്ടാണ്,സജി അച്ചായന് ‘നകാര’ കൊട്ടാന്‍ കഴിഞ്ഞത്.സുനിലുവന്നാല്‍ താങ്കള്‍ക്കും കഴിയും.സംഗീത ത്തെപറ്റിയുള്ള എല്ലാ വിഷയങ്ങളും ,പ്രായോഗികമായി മാത്രമോ ബോധ്യപ്പെടുത്തുവാനകൂ.അല്പസൊല്പം ‘ശാസ്ത്രീയത’യും കൈവശമുള്ളതിനാലാണ് പറയുന്നത്.

    sajiyuTe ee pOstil

    https://www.blogger.com/comment.g?blogID=1581283385550297584&postID=3912455165178154954

    itta commentinu marupaTiyaaNE.
    -S-

    ReplyDelete
  9. വായിച്ചുകൊണ്ടിരിക്കുന്നു. സംഗതി സംഗീതമായതിനാല്‍ പഠിച്ചിട്ടേ എന്തെങ്കിലും അഭിപ്രായം പറയാന്‍ പറ്റൂ :)

    ReplyDelete
  10. സുനിൽ ചോദിക്കുന്നു.ഇത്തരം നാടന്‍പാട്ട് രീതികളെ പരിഷ്കരിച്ച് ഒരു പദ്ധതിയാക്കിയതല്ലേ അത്? ആ പദ്ധതി കുറ്റമറ്റതാണ് എന്നതിനാലല്ലെ അതിനെ ശാസ്ത്രീയം എന്ന് പറയുന്നത്? അതിലെവിടെ വര്‍ഗ്ഗജാതി വ്യത്യാസങ്ങള്‍? (അതിലെ സാഹിത്യം അല്ല പറയുന്നത്.)
    അതേയല്ലോ..ഇന്നു വരേണ്യമെന്നറിയപ്പെടുന്ന സംഗീതമാകട്ടെ,സാഹിത്യമാകട്ടെ,ദൃശ്യകലാരൂപങ്ങളാവട്ടെ ..എല്ലാം തന്നെ അതിന്റെ മൂലരൂപം ഗോത്രസംസ്കാരത്തിൽ നിന്നും വികാസം പ്രാപിച്ചതാണന്നു കാണാം.ഇതിൽ ഗവേഷണം നടത്തിയ വേണുജി യെപോലുള്ളവർ തെളിയിച്ചിട്ടുള്ളതാണ്.
    ശരിയാണ്,വെങ്കിടമഖി യാണ്,കർണാടിക് രാഗപദ്ധതിക്ക് വ്യവസ്ഥയും വെള്ളിയാഴ്ചയും നൽകിയത്.72-മേളകർത്താ രാഗങ്ങളേയും അതിന്റെ ജന്യരാഗങ്ങളേയും പട്ടികപ്പെടുത്തുകയും.കച്ചേരി സമ്പ്രദായത്തെ നവീകരിക്കുകയും ചെയ്തത്.അതിനൊരു ചരിത്ര പശ്ചാത്തലമുള്ളത് വിസ്മരിച്ചു കൊണ്ടാണ് പലരും(സുനിലും)പറയാറുള്ളത്.അതായത് ഹിന്ദുമതവും,ഹൈന്ദവ ദൈവസ്ങ്കല്പങ്ങളും ഒരാധുനിക സൃഷ്ടിയാണ്.ശൈവ/വൈഷ്ണവ/താന്ത്രിക് മതസങ്കല്പങ്ങളേ അപനിർമ്മിച്ചാണ് ഇന്നു കാണുന്ന വിശാല ഹിന്ദുവുണ്ടാകുന്നത്.ത്യാഗരാജൻ രാമനെന്ന ഒറ്റ ദൈവത്തെ പാടിപുകഴ്ത്തിയാണ് കാലം കഴിച്ചത്(സ്വരസുദാ‍ മൃദംഗതാളമോ..രജ്ഞിനി രാഗം ..മാത്രമാണ് മറ്റോന്ന് കാണാൻ കഴിഞ്ഞത്).വിഷയം വേറേയായതിനാൽ ദീർഘിപ്പിക്കുന്നില്ല.ഓരോ വാഗ്ഗേയകാരന്മാരും അവർക്കിഷ്ടപ്പെട്ട ദൈവത്തെ വാഴ്ത്തുന്നു എന്നു പറയാൻ എളുപ്പമാണ്.ആക്കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യാവസ്ഥയും,ചലന നിയമങ്ങളും പരിഗണിക്കാതെ എവിടെ ഇവിടെ വർഗ്ഗ-ജാതിവ്യത്യാസങ്ങൾ ?എന്നു ചോദിക്കുന്നവരോട് മറ്റൊരു പോസ്റ്റിൽ മാത്രമേ മറുപടി പറയാനാവൂ...
    പന്തുവരാളി രാഗത്തിൽ,മിശ്രചാപ്പുതാളത്തിൽ എടുക്കാൻ കഴിയുന്ന എന്തെങ്കിലും തൊഴിൽ(ജ്വാലി) കിട്ടുമോന്നു നോക്കാം.
    .

    ReplyDelete
  11. സുകുമാരേട്ടാ,വന്നല്ലോ.സംഗീതം പഠിച്ചിട്ട് ഒരുകാര്യവും നടക്കില്ല.ഇവിടെ വിഷയം ജനധിപത്യത്തിന്റേതല്ലെ.വരേണ്യമായെന്തിനേയും ശ്രേഷ്ഠ്വൽകരിക്കുന്നതിനെതിരെ കഴിയുന്നതുപോലെ മിണ്ടാമല്ലോ..?

    ReplyDelete
  12. "ആക്കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യാവസ്ഥയും,ചലന നിയമങ്ങളും പരിഗണിക്കാതെ എവിടെ ഇവിടെ വര്‍ഗ്ഗ-ജാതിവ്യത്യാസങ്ങള്‍ ?എന്നു ചോദിക്കുന്നവരോട് മറ്റൊരു പോസ്റ്റില്‍ മാത്രമേ മറുപടി പറയാനാവൂ..."

    പോസ്റ്റൂ കാണട്ടെ എന്ന് മാത്രമേ എനിക്കിപ്പോ പറയാന്‍ പറ്റൂ.

    നാടന്‍ പാട്ട് എന്ന് പറഞ്ഞ് പഴയ ഭാഷയില്‍ ഇന്നുള്ളവര്‍ എഴുതുന്നതാണ് നമ്മുടെ വിഷയം എന്നാണെന്റെ വിചാരം. യഥാര്‍ത്ഥനാടന്‍ പാട്ടുകളോ ഞാന്‍ പറഞ്ഞ പോലെ അവര്‍ പാടുന്നപാട്ടുകളോ അവര്‍ക്ക് അപ്പപ്പോള്‍ തോന്നിയപോലെ അവര്‍ തന്നെ പാടുന്നതോ അല്ല വിഷയം എന്നും ഞാന്‍ വിചാരിക്കുന്നു.

    സര്‍, ഞാന്‍ ഒരു ഭാഷാപണ്ഡിതനോ സംഗീതത്തില്‍ പാണ്ഡിത്യമുള്ളവര്‍നോ മോര്‍ ഓവര്‍ ഒരു ചരിത്ര പണ്ഡിതനോ അല്ല. അതിനാല്‍ മനസ്സിലാകുന്ന ഭാഷയില്‍ പറയണം എന്ന് താല്‍‌പ്പര്യപ്പെടുന്നു.
    -സു-

    ReplyDelete
  13. -സു-
    പോസ്റ്റ് ഒന്നു കൂടി മനസ്സിരുത്തി വായിക്കുമല്ലോ.ചെറുതാക്കവുന്നത്ര ചെറുതും,പ്രസക്തവും,വേറിട്ടതു മായ വീക്ഷണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

    ReplyDelete
  14. കുറെ എഴുതി... പോസ്റ്റ് ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ എഴുതിയതെല്ലാം നഷ്ടപ്പെട്ടു. അതിന്റെ ദുഖത്തില്‍ ... പിന്നെ എഴുതാം എന്നു കരുതി ... ഇപ്പോള്‍ സ്ഥലം വിടുന്നു.

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.