Sunday, 13 June 2010

ദളിത് വാദത്തിലെ മാനവികത !!

             ന്തുതയുടെ ഈ കാട്ടുകാലത്ത് മാനവികതയുടെ പക്ഷത്ത് സത്യസന്ധമായി നിലകൊള്ളുന്നവരാണ്  യഥാര്‍ത്ഥ പുരോഗമനവാദികള്‍. ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും ലിംഗത്തിന്റേയും സമ്പത്തിന്റെയും പേരിലുണ്ടാകുന്ന ഏതുവിധത്തിലുള്ള ആധിപത്യശ്രമങ്ങളേയും ഇരകള്‍ക്കൊപ്പം നിന്നു ചെറുക്കേണ്ടവരാണവര്‍. ഒളിവിലോ തെളിവിലോ ജാതിയില്ലാത്തവനാണ് ഹ്യൂമനിസ്റ്റ്. എങ്കില്‍ മറ്റാരേക്കാളും മുമ്പ്  ഒരു അംബേദ്ക്കറൈറ്റിനെ നമുക്കങ്ങനെ വിളിക്കാം . അംബേദ്ക്കറൈറ്റുകള്‍ ജാതിവാദികളല്ല. മറിച്ച് രാജ്യത്തെ ഒന്നാമത്തെ ജനാധിപത്യവാദികളാണ്; ജനാധിപത്യം എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥത്തില്‍.

             ലിത് വാദം ജാതിവാദമല്ല. അത് സകല വഴിവക്കുകളിലും  മറഞ്ഞിരിക്കുന്ന ബ്രാഹ്മണിക സുസ്സജ്ജത ബോധ്യപ്പെട്ടുകൊണ്ടുള്ള ജാഗ്രതപ്പെടലാണ്‌. ബ്രാഹ്മണിസം എന്ന പ്രയോഗം ബ്രാഹ്മണജാതിക്കുനേരേയുള്ള കലഹിക്കലല്ല. ജാതിവ്യവസ്ഥ തന്ത്രപൂര്‍വം  നിലനിര്‍ത്തി  പോകുവാനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മതസംവിധാനത്തിന്റെ പേരാണ്‌. സവര്‍ണതയെന്നാല്‍ വെളുത്ത തൊലിനിറമല്ല, അത് ഹീനവും മനുഷ്യത്വരഹിതവുമായ, പകരുന്ന ഇന്ത്യന്‍ മാനസിക രോഗമാണ്‌. ഈ അര്‍ത്ഥത്തില്‍ അനേകം ഉദ്യോഗസ്ഥ ദലിതരും, തത്തുല്യരായ മറ്റു സംവരണീയരും  ജ്ഞാനബോധത്തിന്റെ കുറവുകൊണ്ട് സവര്‍ണരായി പരിവര്‍ത്തനപ്പെട്ടും,  സമരസപ്പെട്ടും ജീവിക്കുന്നതു കാണാം .
      
             ധികാര ഭൂമികയില്‍ നിലനില്ക്കുന്ന ഫ്യൂഡല്‍ രീതികള്‍ ഏതൊരാളേയും സവര്‍ണ്ണഹൃദയനാക്കുകയാണ്‌ ഇന്ത്യയില്‍.
ജാതിയുടെ അകലങ്ങള്‍ പരസ്പരം പാലിക്കുന്ന അനേകം അവാന്തരവിഭാഗങ്ങളായി രാജ്യത്തെ ഉപരിവര്‍ഗ്ഗവും ദരിദ്രവര്‍ഗ്ഗവും നെടുകയും കുറുകയും വിഘടിച്ചു നില്ക്കുന്നുവെന്ന അതീവ സങ്കീര്‍ണ്ണമായ  സാഹചര്യം ലോകത്ത്  ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അപ്പോള്‍ ജാതിയുടെ  സമ്പൂര്‍ണ്ണമായ ഇല്ലാതാക്കലിനെ മാത്രമേ ഇന്ത്യന്‍ വിപ്ളവമെന്ന് വിളിക്കുവാന്‍ പാടുള്ളൂ എന്നു വരുന്നു. ജാതിയെന്ന പരമമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന്‌ പദ്ധതികളില്ലാത്ത ഒരു തത്വശാസ്ത്രത്തിനും, തുച്ഛമായ പരിധികള്‍ക്കപ്പുറമുള്ള പ്രവേശനം ഇന്ത്യയില്‍ സാധ്യമല്ല. മറിച്ചുള്ള വാദങ്ങള്‍ യുക്തിക്കു നിരക്കുന്നതുമല്ല. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ തൊഴിലാളി വര്‍ഗ്ഗത്തിന്‌ പൊതുവായ ഒരു വര്‍ഗ്ഗാനുഭവമോ, വര്‍ഗ്ഗജീവിതമോ ഇന്ത്യയില്‍ സംഭവിക്കുന്നില്ല. പകരം തൊഴിലാളികള്‍ എന്ന വര്‍ഗ്ഗാനുഭവത്തേക്കാള്‍ നിഷ്ഠൂരമായ ജാത്യാനുഭവമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഭിന്ന ജാതികളിപ്പെടുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യാനുഭവങ്ങള്‍ ഭിന്നങ്ങളാകുന്നു. ആഴത്തിലുള്ള ജാതിബോധത്തില്‍ നിന്ന്‌ മോചിതരായിട്ടില്ലാത്തതിനാല്‍ പ്രണയം, സൌഹൃദം  പോലുള്ള വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ അവര്‍ വര്‍ഗ്ഗബന്ധം മറക്കുകയും ജാതിയുടെ പ്രാകൃത വൈകാരികതയ്ക്ക്‌ കീഴ്പ്പെടുകയും ചെയ്യുന്നു. വര്‍ഗ്ഗവിപ്ളവം എന്നത്‌ 'ജാതിഇന്ത്യ'യില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ സ്വപ്നമായി അവശേഷിക്കും എന്നുതന്നെയാണ്‌ ഈ ഉദാഹരണം സൂചിപ്പിക്കുന്നത്‌.
   
             ന്ത്യയുടെ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള ആന്തരിക ശാശ്വത പരിഹാരമാണ് 'അംബേദ്ക്കറിസം' എന്ന പ്രത്യശാസ്ത്രം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയിലൂടെ പുലരുന്ന, ജാതി നിര്‍മൂലനത്തിലധിഷ്ഠിതമായ സാമൂഹികജനാധിപത്യം അതു മുന്നോട്ടു വെയ്ക്കുന്നു. ഒരു ഇന്ത്യാക്കാരന്റെ വായന പൂര്‍ണ്ണമാകുന്നത് അയാള്‍ അംബേദ്ക്കറെ കൂടി വായിക്കുമ്പോഴാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

             ഡോ.അംബേദ്ക്കറിന്റെ അനുഭവക്കുറിപ്പുകളില്‍ കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ വിഖ്യാത ധനതത്വശാസ്ത്ര പ്രഭാഷണത്തിനിടയില്‍ വേദിയിലിരിക്കുന്ന ഒരു ഇന്ത്യന്‍ ദേശീയ നേതാവ്, 'ഇയാള്‍' ഞങ്ങളുടെ നാട്ടിലെ അധ:കൃതനാണ്  എന്ന് അംബേദ്ക്കറിനെക്കുറിച്ച് അസഹിഷ്ണുതപ്പെടുന്നത്  സൂചിപ്പിക്കുന്നുണ്ട്. ജാതിയില്ലാത്തയിടങ്ങളിലും അതിന്റെ അന്തരീക്ഷം നിര്‍മ്മിക്കുവാനുള്ള ത്വര ഇന്ത്യന്‍സവര്‍ണ്ണനുണ്ട് എന്നദ്ദേഹം തുടരുന്നു.

             നിയ്ക്ക് ജാതിയില്ല എന്ന ഒഴിഞ്ഞുമാറലല്ല ഞാന്‍ ജാതിയെ എതിര്‍ക്കുന്നു എന്ന ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ആത്യന്തിക ഇരകളായ ദലിതുകള്‍ അതിനെ തുറന്നെതിര്‍ക്കുവാന്‍ അനുഭവങ്ങളാല്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉദ്ദേശശുദ്ധി മനസ്സിലാക്കി പിന്തുണക്കുന്നതിനോടൊപ്പം പ്രത്യക്ഷത്തില്‍ ജാതിയെ തള്ളിപറഞ്ഞും പരോക്ഷമായി അതിന്റെ ഉപഭോക്താവായും കഴിയുന്ന വേഷപ്രച്ഛന പുരോഗമനവാദികളെ തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഒരു യഥാര്‍ത്ഥ ഹ്യൂമനിസ്റ്റിനുണ്ട്.

                        (ശ്രീ. സി.എസ്സ്. രാജേഷ്  എഴുതിയത് )

1 comment:

  1. ഒരു മനുഷ്യ സ്നേഹിയാകുക എന്നാല്‍ മനുഷ്യത്വത്തിനെതിരെയുള്ള
    അപകടങ്ങളെ ചെറുക്കുക എന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടതുണ്ട്.
    ഈ പോസ്റ്റിനു നന്ദി.

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.