Thursday 17 June 2010

ഡോ. നല്ലതമ്പിതേരക്ക് ആദരാഞ്ജലികള്‍ !!!!

ഡോ.നല്ലതമ്പി തേര അന്തരിച്ചു. അരളിയുടെ ആദരാഞ്ജലികള്‍ !!.

              കേരളത്തിലെ ആദിവാസി ഭൂസമരത്തില്‍  നിര്‍ണായക വ്യക്തിത്വമായിരുന്നു ഡോ.നല്ലതമ്പി തേര. എന്തു കൊണ്ടെന്നാല്‍, ആദിവാസികളുടെ ജന്മാവകാശമായിരുന്ന ഭൂമി നഷ്ടപ്പെട്ടപ്പോള്‍ അതു തിരിച്ചു പിടിക്കാന്‍ 1975-ല്‍ തന്നെ കേരള നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കുകയുണ്ടായി. എന്നാ‍ല്‍ ഒരിക്കല്‍ പോലും അത് നടത്തിയെടുക്കാനോ, നേടിയെടുക്കാനോ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയ്യാറാകാതിരുന്ന ഘട്ടത്തില്‍ കോടതി വ്യവഹാരത്തിലൂടെ, ഈ നിയമം എന്തുകൊണ്ടു നടപ്പിലാവുന്നില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഡോ.നല്ലതമ്പിയുടെ ചരിത്രപരമായ പ്രാധാന്യം. ആദിവാസിദ്രോഹ നിയമ നിര്‍മ്മാണം നടത്തിയ , വിപ്ലവ-ഗാന്ധിയന്‍ കക്ഷികള്‍ക്കെതിരെ (ഗൌരിയമ്മയെ നന്ദിയോടെ ഓര്‍ക്കുന്നു) ആദിവാസിക്കു സമരം ചെയ്യാന്‍ സാഹചര്യമൊരുക്കിയതും സുപ്രീംകോടതിവരെ വ്യവഹാരങ്ങളുമായി ഈ വലിയ മനുഷ്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ്.
              മിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ചു. എം.ബി.ബി.എസ്സിനു പുറമേ നിയമബിരുദവും നേടി. ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് വയനാട്ടില്‍ തന്നെ താമസിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെ ലോകസഭയില്‍ മത്സരിച്ചിട്ടുണ്ട്. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. നിരവധി തവണ കുടിയേറ്റക്കാരുടെ ആക്രമണത്തിനു
വിധേയമായിട്ടുണ്ട്.

              ന്ന് ഇടതുപക്ഷ രാഷ്ട്രീയ സംവാദയിടങ്ങളില്‍ സ്വത്വ രാഷ്ട്രീയം അവമതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍,  അതുമാത്രമെ അദിവാസികളുടെയും കീഴാളരുടെയും അതിജീവനത്തിനുള്ള പോരാട്ടത്തിന് ഉപകാരപ്പെടൂ എന്നും മറ്റ് രാഷ്ട്രീയമെല്ലാം അവരെ  നിരന്തരം വ‍ഞ്ചിക്കുക മാത്രമേ ചെയ്യൂവെന്നും സ്വന്തം പോരാട്ടത്തിലൂടെയും അനുഭവങ്ങളിലൂടെയും പഠിപ്പിച്ചു തന്ന മനുഷ്യസ്നേഹിയായ ഡോ.നല്ലതമ്പി തേരയുടെ വേര്‍പാടില്‍, കേരളത്തിലെ ദലിത്-ആദിവാസി ജനസമൂഹത്തോടൊപ്പം ‘അരളി’ ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു.

5 comments:

  1. മാതൃഭൂമി പത്രവാരത്ത

    കല്പറ്റ: ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിയമപോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച ഡോ. നല്ലതമ്പി തേര (77) അന്തരിച്ചു.

    വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കല്പറ്റയിലെ സ്വകാര്യആസ്​പത്രിയിലായിരുന്നു അന്ത്യം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടത് ഡോ. നല്ല തമ്പി തേരയുടെ ഹര്‍ജിയെ ത്തുടര്‍ന്നാണ്. എന്നാല്‍ ഇത് നടപ്പാക്കാത്തത് ഇദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു.

    തിരുനെല്‍വേലി സ്വദേശിയായ ഡോ. നല്ലതമ്പി എണ്‍പതുകളിലാണ് വയനാട്ടില്‍ സ്ഥിരതാമസമാക്കിയത്. അതിനുമുമ്പ് മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. വയനാട്ടിലെത്തിയതു മുതല്‍ ഇദ്ദേഹം ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങളില്‍ വ്യാപൃതനായി.

    അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുകൊടുക്കാനുള്ള 1975ലെ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 1998ല്‍ ഇദ്ദേഹം ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി നല്‍കി. ഈ ആവശ്യമുന്നയിച്ച് പന്ത്രണ്ടോളം ഹര്‍ജികളാണ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചത്. 1975ലെ നിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഭേദഗതികള്‍ക്കെതിരെ സുപ്രീംകോടതിയേയും സമീപിച്ചു. തുടര്‍ന്ന് 2010 ഫിബ്രവരിക്കുമുമ്പ് അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് നടപ്പിലാക്കാത്തതിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോ. നല്ലതമ്പി ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നിവേദനം നല്‍കി.

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഇദ്ദേഹം പതിവാക്കിയിരുന്നു. റായ്ബറേലിയിലും ചിക്മംഗ്‌ളൂരിലും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും അമേഠിയില്‍ രാജീവ്ഗാന്ധിക്കുമെതിരെ മത്സരിച്ചു. ഏറ്റവുമൊടുവില്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ.(എം.എല്‍.) സ്വതന്ത്രനായും ജനവിധിതേടി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത നല്ലതമ്പിയും കുടുംബവും കല്പറ്റ നീലിക്കണ്ടി ക്വാട്ടേഴ്‌സിലായിരുന്നു താമസം. ആദിവാസി വിഭാഗത്തില്‍പ്പെട്ട കമലയാണ് ഭാര്യ. മക്കള്‍: സ്വര്‍ണ, അഖില്‍ (സ്‌കൂള്‍വിദ്യാര്‍ഥികള്‍).

    ReplyDelete
  2. "ഇന്ന് ഇടതുപക്ഷ രാഷ്ട്രീയ സംവാദയിടങ്ങളില്‍ സ്വത്വ രാഷ്ട്രീയം അവമതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍, അതുമാത്രമെ അദിവാസികളുടെയും കീഴാളരുടെയും അതിജീവനത്തിനുള്ള പോരാട്ടത്തിന് ഉപകാരപ്പെടൂ എന്നും മറ്റ് രാഷ്ട്രീയമെല്ലാം അവരെ നിരന്തരം വ‍ഞ്ചിക്കുക മാത്രമേ ചെയ്യൂവെന്നും സ്വന്തം പോരാട്ടത്തിലൂടെയും അനുഭവങ്ങളിലൂടെയും പഠിപ്പിച്ചു തന്ന മനുഷ്യസ്നേഹിയായ ഡോ.നല്ലതമ്പി തേരയുടെ വേര്‍പാടില്‍, കേരളത്തിലെ ദലിത്-ആദിവാസി ജനസമൂഹത്തോടൊപ്പം ‘അരളി’ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു."
    അരളിക്കൊപ്പം ദഃഖപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു !!

    ReplyDelete
  3. ആദരാഞ്ജലികൾ അർപ്പിക്കുന്നു..

    ReplyDelete
  4. ദേശീയ നയത്തിന്റെ ചുവടുപിടിച്ച് കേരളവും 1975ലെ കേരള പട്ടികവര്‍ഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം കൊണ്ടുവന്നു. കേരളനിയമസഭ 1975 ആഗസ്ത് അഞ്ചാംതീയതി പാസ്സാക്കിയ നിയമത്തിന് അതേകൊല്ലം നവംബര്‍ പതിനൊന്നാം തീയതി ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി കിട്ടി.

    ഈ നിയമമനുസരിച്ച്, അന്യാധീനപ്പെട്ടെന്ന് നിര്‍വചിക്കപ്പെട്ട ഭൂമിയുടെ യഥാര്‍ഥ ഉടമകളായ പട്ടികവര്‍ഗക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടുന്നതിലേക്കായി മതിയായ രേഖകള്‍ സഹിതം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അത്തരത്തില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിലേക്കായി 8500ഓളം അപേക്ഷകള്‍ അധികാരികള്‍ക്ക് കിട്ടി. പുതിയ നിയമത്തെക്കുറിച്ച്, ആദിവാസികളില്‍ ഭൂരിഭാഗത്തിനും അറിവില്ലായിരുന്നു. ഭൂമി കൈയേറിയവരുടെ പ്രലോഭനങ്ങളും ഭീഷണിയും കാരണം പലരും അപേക്ഷ സമര്‍പ്പിച്ചുമില്ല.

    ഇതിനിടെ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് ഏതാനും കേസുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍ കോടതി നിയമത്തിന്റെ സാധുത അടിവരയിട്ടു രേഖപ്പെടുത്തി. എങ്കിലും ആദിവാസികളില്‍നിന്നു കിട്ടിയ അപേക്ഷകളിന്മേല്‍ കാര്യമായ നടപടിയുണ്ടായില്ല. ഫലത്തില്‍ ആദിവാസികളുടെ വേദനകള്‍ അവഗണിക്കപ്പെട്ടു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍നിന്നുമാണ് ഭൂരിഭാഗം അപേക്ഷകളും ഉണ്ടായിരുന്നത്. കോടതിയുടെ അനുകൂലനിലപാടുണ്ടായിട്ടും ആദിവാസികള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയില്ല. അപ്പീലുകളില്ലാത്ത അപേക്ഷകളിന്മേല്‍ ആറാഴ്ചയ്ക്കകം തീര്‍പ്പുകല്പിക്കണമെന്ന് ഹൈക്കോടതി വീണ്ടും ആര്‍.ഡി.ഒ. മാര്‍ക്ക് ഉത്തരവു കൊടുത്തു. 1987 തൊട്ട് 1991 വരെ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാറും ആദിവാസികളുടെ അന്യാധീനപ്പെട്ട ഒരിഞ്ചു ഭൂമിപോലും തിരിച്ചുപിടിച്ചുകൊടുക്കാന്‍ താത്പര്യം കാട്ടിയില്ല

    {{{ കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് വയനാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന 'നല്ലതമ്പി തേര' എന്ന ഡോക്ടര്‍ പൊതുതാത്പര്യഹര്‍ജിയുമായി 1988ല്‍ ഹൈക്കോടതിയില്‍ എത്തുന്നത്. കോടതി നടപടികള്‍ അഞ്ചുകൊല്ലം നീണ്ടു. അവസാനം 1975ലെ ആദിവാസിഭൂസംരക്ഷണ നിയമം നടപ്പാക്കാനും കിട്ടിയ അപേക്ഷകളിന്മേല്‍ തീര്‍പ്പാക്കാനും 1993ല്‍ ഹൈക്കോടതി ഉത്തരവിട്ടു }}}


    From 'ആദിവാസി ചൂഷണം അവസാനിക്കുന്നില്ല...' by കെ. കൃഷ്ണന്‍കുട്ടി

    link:
    http://www.mathrubhumi.com/story.php?id=120444

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.